
കേന്ദ്രം ഭക്ഷ്യവിഹിതം നിഷേധിച്ചാലും ഓണക്കാലത്ത് മലയാളികളുടെ അന്നം മുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് അരി നല്‍കുമെന്ന് ഭക്ഷ്യ — സിവില്‍ സപ്ലെെസ് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ പുഴുക്കലരിയും ചമ്പാവ് അരിയും പ്രത്യേക പാക്കറ്റുകളില്‍ ഓണത്തിന് വിപണിയില്‍ ഇറക്കും. ആവശ്യമായ അരി എത്തിക്കുന്നതിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകും. ഓണത്തിന് ആവശ്യമായ അരി ശബരി എന്ന ബ്രാന്‍ഡിലാകും ഇറക്കുക. സപ്ലൈകോ സ്വന്തം നിലയിലും ഒഎംഎസ്എസ് സ്കീം അനുസരിച്ചും കൂടുതല്‍ അരി എത്തിക്കും. മലയാളികള്‍ക്ക് ഓണത്തിന് അരിയുടെ ഒരു കുറവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ വഴി പച്ചരി 29 രൂപ നിരക്കിലും കെ- റൈസ് 33 രൂപ നിരക്കിലുമാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിലും കുറഞ്ഞ നിരക്കില്‍ അരി വിതരണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സബ്സിഡി പ്രകാരം നൽകുന്ന ശബരി കെ-റൈസിന്റെ അളവ് ഈ മാസം മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും എട്ട് കിലോ കെ-റൈസ് രണ്ട് തവണയായാണ് ലഭിക്കുക. ഇതിനു പുറമെ ഓണത്തിന് സ്പെഷ്യല്‍ പാക്കറ്റ് ഇറക്കും. തെക്കന്‍ കേരളത്തില്‍ ചമ്പാവ് അരിയും വടക്കന്‍ കേരളത്തില്‍ പുഴുക്കലരിയും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കും. കേന്ദ്രസർക്കാരിന്റെ ഓപ്പണ്‍ മാർക്കറ്റ് സെയില്‍ സ്കീം (ഒഎംഎസ്എസ്) അനുസരിച്ച് കേരളത്തിന് സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കും. ആന്ധ്ര, തെലങ്കാന ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ഉല്പാദിപ്പിക്കുന്ന അരി കേരളത്തിന് ലഭ്യമാക്കണമെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഗോതമ്പിന്റെ ഉല്പാദനം കൂടിയിട്ടും കേരളത്തിന് അര്‍ഹമായത് പുനഃസ്ഥാപിച്ചിട്ടില്ല. കേരളത്തോട് അനീതിയാണ് കാണിക്കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 1,109 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകാനുണ്ട്.
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിർത്തലാക്കിയ ഗോതമ്പിന്റെ ടൈഡ് ഓവർ വിഹിതം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അരിയുടെയും ഗോതമ്പിന്റെയുംകാര്യത്തിലുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
ബുധനാഴ്ച വൈകിട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രസ്താവനയില്‍ ഓപ്പണ്‍ മാർക്കറ്റ് സെയില്‍ സ്കീം (ഒഎംഎസ്എസ്) പ്രകാരം എഫ‌്സിഐയില്‍ നിന്നും സംസ്ഥാന സർക്കാരിന് അരി വാങ്ങാന്‍ കഴിയുമെന്നാണ് പറഞ്ഞത്. വാർഷിക അലോട്ട്മെന്റ് വിഹിതത്തില്‍ നിന്ന് ആറ് മാസം വരെ മുന്‍കൂറായി ഭക്ഷ്യധാന്യം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ നിലവില്‍ തന്നെ സംസ്ഥാന സർക്കാരിന് അനുവാദമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഓണക്കാലത്ത് ഒരുമണി അരിപോലും കേരളത്തിന് അധികമായി പൊതുവിതരണ സംവിധാനം വഴി നല്‍കില്ലെന്ന കേന്ദ്ര നിലപാടാണ് പ്രസ്താവനയിലൂടെ വീണ്ടും തെളിഞ്ഞുകാണുന്നതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും എല്‍ഡിഎഫ് സർക്കാർ ജനങ്ങളെ കൈവിട്ടിട്ടില്ല. എന്നാല്‍ കേരള വിരുദ്ധമായ കേന്ദ്രനിലപാടുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.