
ബിജെപി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍എസ്എസ് വളരുകയും വിപുലമാവുകയും ചെയ്യുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍. പ്രധാനമന്ത്രി മോഡിയും ബിജെപി നേതൃത്വവുമായുള്ള ഭിന്നത ശക്തമാണെന്ന സൂചന തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയം. ബിജെപിയുടെ വിജയവും പരാജയവും സംഘ്പരിവാറിന് പ്രശ്നമല്ല. അടുത്ത ദിവസം രാവിലെ പതിവുപോലെ ഉണര്‍ന്ന് പ്രവര്‍ത്തനം തുടരും. പക്ഷേ, പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ബിജെപി അധികാരത്തില്‍ തുടരുന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരുമായി ആര്‍എസ്എസിന് ബന്ധമുണ്ട്. എന്നാല്‍ ഒരാള്‍ക്ക് മാത്രം രാജ്യത്തിനായി എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനാകില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവരെ സംഘ്പരിവാറിന് വേണം. സംഘടന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നില്ല.
സ്വയം സേവക് എന്നാല്‍ സ്വന്തമായി പ്രവര്‍ത്തിക്കുക എന്നാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെങ്കിലും തടസങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം തടസങ്ങള്‍ നേരിട്ടിട്ടുണ്ട്.
ആര്‍എസ്എസുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി അധ്യക്ഷനെ പോലും നിയമിക്കാനായിട്ടില്ല. കാലാവധി അവസാനിച്ചിട്ട് ഒന്നര വര്‍ഷം പിന്നിടുന്ന ജെ പി നഡ്ഡ ഇപ്പോഴും ദേശീയ പ്രസിഡന്റായി തുടരുന്നു. ആര്‍എസ്എസിനെ അനുനയിപ്പിക്കാനായി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. സംഘടനയുടെ ശതാബ്ദിയോടനുബന്ധിച്ച് നാണയവും സ്റ്റാമ്പും കേന്ദ്രം പുറത്തിറക്കി. എന്നിട്ടും അയയുന്ന ലക്ഷണമില്ലെന്നാണ് സുനില്‍ അംബേദ്കറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.