
തന്റെ ഭരണകാലത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുറന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. 2002ലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായമാണെന്ന് ആന്റണി ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് അനുകൂല സർവിസ് സംഘടനകൾ പോലും അന്ന് തന്നെ വിശ്വാസത്തിലെടുത്തിരുന്നില്ലെന്നാണ് അദ്ദേഹം എൻജിഒ അസോസിയേഷന്റെ മുഖപത്രമായ ‘ദി സിവിൽ സർവിസ്’ മാസികയിലെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
അന്ന് 20 ദിവസത്തെ ലീവ് സറണ്ടർ ഏഴ് മാസത്തേക്ക് മരവിപ്പിച്ചതിനെതിരേയായിരുന്നു ജീവനക്കാർ 32 ദിവസം തുടർച്ചയായി സമരം ചെയ്തത്. താൻ മുഖ്യമന്ത്രിയായി ചുമതല എടുത്തപ്പോൾ ഖജനാവ് ശൂന്യമായിരുന്നു. കോഫി ഹൗസിൽ നിന്ന് മന്ത്രിസഭാ യോഗത്തിലേക്ക് ചായ പറഞ്ഞപ്പോൾ അവർ തരാൻ തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം തേടി ഡൽഹിയിൽ പോകുന്നതിന് മുഖ്യമന്ത്രിക്ക് വിമാന ടിക്കറ്റിനായി ഇന്ത്യൻ എയർലൈൻസിനെ സമീപിച്ചപ്പോൾ അവർ ഇനിയും കടം തരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലായിരുന്നു അന്ന് കേരളം. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ചില നടപടികൾ സർക്കാർ കൈക്കൊണ്ടത്. എന്നാൽ ജീവനക്കാരുടെ സംഘടനകൾ സർക്കാരിനെ കേൾക്കാൻ തയാറായില്ല. ഇക്കൂട്ടത്തിൽ എൻജിഒ അസോസിയേഷനും ഉണ്ടായിരുന്നത് വേദനിപ്പിച്ചു. എൻജിഒ അസോസിയേഷനെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഒരാളാണ് താൻ.
അതിന്റെ രൂപീകരണത്തിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സംഘടനയ്ക്ക് പേര് നൽകിയതുപോലും താനാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ എല്ലാ ആനുകൂല്യങ്ങളും തിരിച്ചു നൽകുമെന്ന വാഗ്ദാനം പാലിച്ചാണ് താൻ മുഖ്യമന്ത്രി പദം രാജിവച്ചതെന്നും ആന്റണി പറയുന്നു.
ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാമാണ് അന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകിടംമറിച്ചത്. 2002 ഫെബ്രുവരി ആറിന് ആരംഭിച്ച 32 ദിവസം നീണ്ടുനിന്ന പണിമുടക്കായിരുന്നു അത്. ഭരണാധികാരികളുടെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തെളിയിച്ച പ്രക്ഷോഭം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിനെതിരെയും കേരളത്തില്‍ നിലവിലുള്ള കൂലി വ്യവസ്ഥ, പെന്‍ഷന്‍ സമ്പ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢ നീക്കത്തിനെതിരെയുള്ള സംഘടിത പോരാട്ടമായിരുന്നു അന്ന് നടത്തിയത്. കേരളം ഒന്നടങ്കം ഈ പണിമുടക്കിനു പിന്നില്‍ അണിനിരക്കുകയായിരുന്നു. വനിതാ ജീവനക്കാരെയടക്കം രാത്രിയില്‍പോലും വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്ത് തുറങ്കലില്‍ അടച്ചിട്ടും എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് സംഘശക്തിക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. എസ്മയടക്കമുള്ള കരിനിയമങ്ങളെ അതിജീവിച്ചാണ് അന്ന് ജീവനക്കാരും അധ്യാപകരും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തത്. കക്ഷിരാഷ്ട്രീയത്തിന്റെയും സംഘടനാഭേദത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചുള്ള മഹാമുന്നേറ്റമായിരുന്നു അന്ന് ദൃശ്യമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.