15 December 2025, Monday

Related news

December 7, 2025
December 7, 2025
December 5, 2025
December 5, 2025
December 1, 2025
November 30, 2025
November 28, 2025
November 25, 2025
November 25, 2025
November 21, 2025

മഴ പെയ്തിട്ടും മണ്ഡലം തിളയ്ക്കുന്നു; പ്രചാരണ തിരശീല വീഴാന്‍ ഇനി രണ്ട് പകലുകള്‍ കൂടി

ജി ബാബുരാജ്
നിലമ്പൂര്‍
June 15, 2025 8:54 pm

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴാന്‍ ഇനി രണ്ട് പകലുകള്‍ കൂടി മാത്രം. കാലാവസ്ഥാ പ്രവചനം കടുകിട തെറ്റാതെ രണ്ടുദിവസമായി മഴ തിമിര്‍ത്ത് പെയ്യുകയാണെങ്കിലും പ്രചാരണച്ചൂടില്‍ മണ്ഡലം തിളയ്ക്കുകയാണ്. മഴയെ അതിന്റെ വഴിക്കുവിട്ട് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വാദ്യമേളങ്ങളും പാരഡിഗാനങ്ങളും റോഡ്‌ഷോ, ഗാനമേള എന്നിങ്ങനെ ഇമ്പമേറിയ പരിപാടികളുമായി നിരത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വ്യാപാര‑വാണിജ്യ കേന്ദ്രമായ നിലമ്പൂര്‍ ടൗണ്‍ പ്രചാരണത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്. മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ്, അമരമ്പലം തുടങ്ങിയ പ്രദേശങ്ങള്‍ മലയോര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമീണ മേഖലകളാണെങ്കിലും ആവേശവും ആരവവും എല്ലായിടത്തുമുണ്ട്. വോട്ടര്‍മാരില്‍ ഭൂരിഭാഗവും ഈ പ്രദേശങ്ങളിലായതിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചാരണത്തില്‍ ഏറിയ പങ്കും ചെലവഴിച്ചതും ഈ മേഖലയിലായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് ഒന്നും രണ്ടും ഘട്ട പര്യടനങ്ങളില്‍ വിട്ടുപോയ മേഖലകളിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. പര്യടനത്തിന്റെ ഇടവേളകളില്‍ വിശ്രമത്തിലുള്ള മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും ചെന്നുകണ്ട് അനുഗ്രഹം തേടാനും സ്വരാജ് സമയം കണ്ടെത്തി.

മലയോര മണ്ണിനെ ഇളക്കിമറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പൊതുയോഗങ്ങള്‍ ഇന്നലെ പോത്തുകല്ല്, കരുളായി, അമരമ്പലം എന്നീ കേന്ദ്രങ്ങളില്‍ നടന്നു. കാലാവസ്ഥ അത്ര അനുകൂലമല്ലാതിരുന്നിട്ടും മൂന്ന് കേന്ദ്രങ്ങളിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്. വര്‍ഗീയതയെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയക്കളിയുടെ അപകടം നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനും യുഡിഎഫിനും നേര്‍ക്ക് എറിഞ്ഞത്. മൂന്നുദിവസത്തെ പൊതുസമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ മണ്ഡലത്തിലാകെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം പ്രതിഫലിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് നിലമ്പൂര്‍ ടൗണില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രിയായിരുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗമടക്കം വിവിധ കേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനങ്ങളിലും കുടുംബസദസ്സുകളിലും മന്ത്രി ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, ജി എസ് ജയലാല്‍ എംഎല്‍എ, മണ്ഡലം സെക്രട്ടറി എം മുജീബ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി എച്ച് നൗഷാദ് എന്നിവരും സിപിഐഎം നേതാക്കളായ എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ തുടങ്ങിയവരും പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചതിനെ കള്ളകഥകള്‍ മെനഞ്ഞ് ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവിന് നേതാക്കള്‍ ചുട്ടമറുപടിയാണ് നല്‍കിയത്. നാളെ വൈകിട്ട് ആറിന് പ്രചാരണം അവസാനിപ്പിച്ചുള്ള കൊട്ടിക്കലാശമാണ്. പെരുമ്പറ മുഴക്കി നാടും നഗരവും ഉണര്‍ത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ എല്‍ഡിഎഫിന്റെ പ്രചരണ സന്നാഹങ്ങളൊന്നാകെ ഇന്ന് രംഗത്തിറങ്ങും. മത്സരിച്ചിട്ട് എന്തുകാര്യമെന്ന് ചോദിച്ച് തുടക്കത്തിലേ അടിയറവ് പറഞ്ഞ ബിജെപിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറും ഏറെ പിന്നിലാവുകയും പരാജയഭീതിയില്‍ യുഡിഎഫ് കിതയ്ക്കുകയും ചെയ്യുന്നതാണ് അവസാനലാപ്പിലെ രാഷ്ട്രീയ ചിത്രം. മുന്‍ തെരഞ്ഞെടുപ്പുകളിലില്ലാത്തവിധം വ്യക്തമായ എല്‍ഡിഎഫ് തരംഗമാണ് മണ്ഡലത്തിലുടനീളം ദൃശ്യമാകുന്നത്. 19ന് നടക്കുന്ന വോട്ടെടുപ്പില്‍ വിധിയെഴുതുന്നത് 2,32,384 വോട്ടര്‍മാരാണ്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.