
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയര്‍ന്ന ഇവിഎം ക്രമക്കേട് ആരോപണങ്ങളില്‍ നിഷ്ക്രിയത്വം പുലര്‍ത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
കോണ്‍ഗ്രസ് ഉന്നയിച്ച ക്രമക്കേട് ആരോപണങ്ങള്‍ കമ്മിഷന്‍ തള്ളിയിരുന്നു. എന്നാല്‍ നേതാക്കളുന്നയിച്ച നിയമപരമായ ആശങ്കകള്‍ പരിശോധിക്കാമെന്ന് ഉറപ്പുനല്‍കി. വോട്ടെടുപ്പ് കണക്കുകള്‍, വോട്ടര്‍ പട്ടിക എന്നിവ സംബന്ധിച്ച് നല്‍കിയ കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ക്ഷണിക്കുകയും ചെയ‍്തു.
വോട്ടര്‍ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് അനുകൂലികളുടെ പേരുകള്‍ ഏകപക്ഷീയമായി നീക്കം ചെയ‍്തിട്ടും വോട്ടര്‍മാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിച്ചെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. വോട്ടിങ് ശതമാനത്തിലെ വർധനയെ കുറിച്ചും ആശങ്ക അറിയിച്ചിരുന്നു. ചൊവ്വാഴ്ചയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമായ പ്രതികരണം നല്‍കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതും കൂട്ടിച്ചേര്‍ക്കുന്നതും കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെയാണെന്നും പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും ഇവരുടെ സഹകരണത്തോടെയാണെന്നും കമ്മിഷന്‍ പറഞ്ഞു.
നവംബര്‍ 20ന് അഞ്ച് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചെങ്കിലും അതിന് മുമ്പ് ക്യൂ നിന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. രാത്രി 11.30 വരെ ഇത്തരത്തില്‍ വോട്ടെടുപ്പ് നടന്നെങ്കിലും അത്രയും സമയത്തിനിടയില്‍ 76 ലക്ഷം പേര്‍ വോട്ട് ചെയ്ത കണക്ക് വിശ്വസനീയമല്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബിജെപി ഓരോ മണ്ഡലങ്ങളിലും 10,000 വോട്ടുകള്‍ അധികമായി ചേര്‍ത്തെന്നും 50,000 വോട്ടുകള്‍ വീതം വര്‍ധിച്ച 50 മണ്ഡലങ്ങളില്‍ 47ലും ബിജെപി ജയിച്ചെന്നും ആരോപിച്ചു.
അതേസമയം വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണവുമായി മുന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി മുന്‍ സഖ്യ കക്ഷി രാഷ്ട്രീയ സമാജ് പക്ഷ (ആര്‍എസ്‌പി)വും രംഗത്തെത്തി. തങ്ങളുടെ വോട്ട് കൃത്രിമ വഴികളിലൂടെ മഹായുതി സ്ഥാനാര്‍ത്ഥികള്‍ തട്ടിയെടുത്തെന്ന് ആര്‍സിപി തലവന്‍ മഹാദേവ് ജാങ്കര്‍ ആരോപിച്ചു.
അതിനിടെ തെരഞ്ഞെടുപ്പില്‍ ഇവിഎം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മുതിര്‍ന്ന ആക്ടിവിസ്റ്റ് ഡോ. ബാബ ആധവ് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആവശ്യപ്പെട്ടു. ജനവിധി അംഗീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി മഹായുതി മോശം പ്രകടനം കാഴ്ചവച്ചിട്ടും ഇവിഎമ്മിനെ ചോദ്യം ചെയ്തില്ലെന്നും അജിത് പവാര്‍ പറഞ്ഞു.
താനും കൂട്ടാളികളും സമാധാനമായാണ് പ്രക്ഷോഭം നടത്തുന്നതെന്നും അതിനെ അടിച്ചമര്‍ത്തില്ലെന്ന് ഉറപ്പുതരണമെന്നും അജിത് പവാറിനോട് അഭ്യര്‍ത്ഥിച്ചതായി 95കാരനായ ഡോ. ബാബ ആധവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.