കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജി വച്ച ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മെഡിക്കല്‍ കോളജിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് രംഗത്ത്.ഇയാള്‍ ഗുരുതരമായ നിയമ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും മെഡിക്കല്‍ കോളജില്‍ എത്തുന്ന അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതായും മുന്‍ സൂപ്രണ്ട് അക്തര്‍ അലി വെളിപ്പെടുത്തുന്നു.ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് സന്ദീപ് ഘോഷിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരില്‍ ഉള്‍പ്പട്ട ആളായിരുന്നുവെന്നും അക്തര്‍ അലി ആരോപിച്ചു.
ബയോമെഡിക്കല്‍ മാലിന്യങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും ബംഗ്ലാദേശിലേക്ക് കടത്തുന്നതിലും സന്ദീപ് ഘോഷ് പങ്ക് ചേര്‍ന്നിരുന്നതായും അലി ആരോപിക്കുന്നു.
”സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വച്ച് കച്ചവടം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കടത്തി അയക്കുന്നതിലും ഇയാള്‍ പങ്ക് ചേര്‍ന്നിരുന്നു.തന്റെ അഡീഷണല്‍ സെക്യൂരിറ്റി വിഭാഗത്തിലുള്ള ആളുകള്‍ക്ക് അയാള്‍ ഇത് വിറ്റിരുന്നു.ഇത് പിന്നീട് ബംഗ്ലാദേശിലേക്ക് കടത്തിവിടുകയാണ് ചെയ്യാറുള്ളതെന്നും മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു.
2023 വരെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്ന അക്തര്‍ അലി സന്ദീപ് ഘോഷിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസ്ഥാന വിജിലന്‍സ് കമ്മീഷന് മുന്‍പാകെ വിവരങ്ങള്‍ നല്‍കുകയും ഘോഷിനെതിരായ അന്വേഷണ കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്നും പറയുന്നു.അന്വേഷണത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഡോ.ഘോഷിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിന് ഒരു അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും തന്നെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നിന്നും സ്ഥലം മാറ്റിയെന്നും അലി ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.