സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസിലെ താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടത് നിയമാനുസൃതമാണെന്ന് സെന്റർ ഫോർ ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസ് മേധാവി കണ്ണൂർ സർവകലാശാല രജിസ്ട്രാറെ അറിയിച്ചു. യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് താത്കാലിക അധ്യാപകനായ ഷെറിൻ സി. ഏബ്രഹാമിനെ ഒഴിവാക്കിയത്. യുജിസി യോഗ്യതയുള്ള അധ്യാപകരെ പാലയാട്, മഞ്ചേശ്വരം നിയമപഠന വകുപ്പുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പത്രപ്പരസ്യം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 19ന് രാവിലെ 11ന് പാലയാട് ക്യാമ്പസിൽ അഭിമുഖം നടത്തുകയും ചെയ്തു. അഭിമുഖത്തിൽ യോഗ്യതയുള്ള രണ്ടുപേരാണ് ഹാജരായത്. അതിൽ ഒന്നാം റാങ്ക് കിട്ടിയ ഒരാൾക്ക് വരുവാൻ സാധിക്കാത്തതിനാൽ രണ്ടാം റാങ്ക് കിട്ടിയ ആളെ അധ്യാപികയായി നിയമിക്കുകയും നവംബർ നാലുമുതൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കാന്പസിൽ ദിവസവേതനാടിസ്ഥാനത്തിൽ ആദ്യം ജോയിൻ ചെയ്ത ഷെറിൻ സി ഏബ്രഹാമിനെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ഡിപ്പാർട്ട്മെന്‍റ് മേധാവി രജിസ്ട്രാർക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുള്ളത്.
എന്നാൽ, എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം തയാറാക്കിയ സംഭവത്തിലാണ് അധ്യാപകനെ പിരിച്ചുവിട്ടെന്നാണ് സർവകലാശാല സെനറ്റേഴ്സ് ഫോറം പറയുന്നത്. രണ്ടുവർഷമായി മഞ്ചേശ്വരം ക്യാമ്പസിൽ ജോലി ചെയ്തുവരുന്ന അധ്യാപകനായ ഷെറിനെ ഒരു മുന്നറിയിപ്പില്ലാതെയാണ് പിരിച്ചുവിട്ടത്. ഒക്ടോബർ 28ന് മൂന്നാം സെമസ്റ്റർ എൽഎൽബി കോഴ്സിന്‍റെ ഭാഗമായുള്ള ഇന്‍റേണൽ പരീക്ഷയിലാണ് നവീൻ ബാബുവിനെക്കുറിച്ച് ഷെറിൻ ചോദ്യം തയാറാക്കിയത്. നവീൻ ബാബുവിന്‍റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുവാൻ അത് മനുഷ്യാവകാശപരമായ വശങ്ങളിലൂടെ എഴുതുവാനുമായിരുന്നു ചോദ്യത്തിൽ പറഞ്ഞിരുന്നത്. ഇതിനെതിരേ എസ്എഫ്ഐ വിദ്യാർഥി സംഘടന യൂണിവേഴ്സിറ്റിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മൂന്നിന് വിശദീകരണം പോലും ചോദിക്കാതെ അധ്യാപകനോട് നാളെമുതൽ ജോലിക്ക് വരേണ്ടെന്ന് ഡിപ്പാർട്ട്മെന്‍റ് മേധാവി അറിയിക്കുകയായിരുന്നു. എന്നാൽ, സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്ക് ചോദ്യമായി നൽകിയതല്ലാതെ യാതൊരുവിധ രാഷ്ട്രീയവും ഉദ്ദേശിച്ചിട്ടില്ലെന്നാണ് അധ്യാപകനായ ഷെറിന്‍റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.