22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ആവേശഭരിതം; കര്‍ഷകജനതയുടെ ഉജ്വലസ്വീകരണം

ജെയ്സണ്‍ ജോസഫ്
മാനന്തവാടി
October 29, 2024 11:25 pm

കുറ്റ്യാടി ചുരം കയറി വെള്ളമുണ്ടയിലെത്തുമ്പോൾ അവിടെ എല്‍ഡിഎഫിന്റെ പ്രാദേശിക കൺവെൻഷൻ ആരംഭിച്ചിരുന്നു. ജനങ്ങളിലേക്കിറങ്ങി അവരിൽ അലിയുന്ന ലോക്‌സഭാ സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയോടൊപ്പം ചേർന്ന് ആവേശഭരിതമായ പ്രചരണത്തിനായി പ്രവർത്തകരുടെയും നാട്ടുകാരുടെയും ഉത്സാഹം. മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ പൊതുപ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ മുന്നണിപ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടര്‍മാരും ആഹ്ലാദപൂര്‍വം പങ്കെടുത്തു. കാട്ടിക്കുളത്തേക്കായിരുന്നു തുടർയാത്ര. സർവീസ് ബാങ്ക് പടിക്കൽ കാത്തിരുന്ന ജനങ്ങള്‍ മുദ്രാവാക്യം വിളികളോടെ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് കാട്ടിക്കുളം കവലയിലേക്ക്. കർഷകര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സ്ഥാനാര്‍ത്ഥിയുമായി പങ്കുവച്ചു. പതിറ്റാണ്ടുകളായി നാട്ടിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവല്‍പ്രശ്നങ്ങളെ ഭരണകൂടങ്ങളുടെ ശ്രദ്ധയിലെത്തിക്കാന്‍ ഇത്രയേറെ ശ്രമം നടത്തിയ മറ്റൊരു നേതാവുണ്ടാകില്ലെന്ന ബോധ്യമാണ് കാട്ടിക്കുളത്തെ സാധാരണക്കാരായ കര്‍ഷകര്‍ സത്യന്‍ മൊകേരിയെന്ന നേതാവിന്റെ വാക്കുകളെ വിലമതിക്കാന്‍ കാരണം. 

തെരഞ്ഞെടുപ്പ് കാലത്തിനുശേഷം തന്റെ യാത്രകള്‍ റിസോർട്ടുകളിലേക്കല്ലെന്നും ജനങ്ങൾക്കിടയിലേക്കാണെന്നും സത്യന്‍ മൊകേരി പറയുമ്പോള്‍ അതിലെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുന്നുണ്ട്. കര്‍ഷിക വിളകളുടെ വിലത്തകർച്ചയുടെ, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ, അതിര്‍ത്തി തടഞ്ഞുള്ള രാത്രി യാത്രാവിലക്കിന്റെ ദുരിതങ്ങളുടെയെല്ലാം പരിഹാരം വരേണ്ടത് കേന്ദ്രസർക്കാരിൽ നിന്നാണെന്നും അതിന് പരിഹാരം നേടാനും ഒപ്പം നിന്ന് പോരാടാനും വേണ്ടത് നാടിനെയും നാട്ടുകാരെയും അറിയുന്ന അവര്‍ക്കൊപ്പം നിലകൊള്ളുന്ന പ്രതിനിധിയെയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഓരോ പ്രദേശവും കടന്ന് പ്രചരണം മുന്നോട്ടുപോകുന്നത്.
കാട്ടിക്കുളം കവലയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ പ്രിയപ്പെട്ട സത്യേട്ടനെ കാണാനും കുശലം പറയാനും കൂട്ടമായി എത്തുന്നു. കടകളിൽ കയറിയും വ്യാപാരികളെ ചേർത്തും തൊഴിലാളികളെ അഭിവാദ്യംചെയ്തും കാട്ടിക്കുളത്തുനിന്ന് തലപ്പുഴയിലേയ്ക്ക്.
കടാശ്വാസ കമ്മിഷൻ പ്രവർത്തനത്തിലൂടെ ആശ്വാസം ലഭിച്ചവർ വട്ടംകൂടുന്നു. വഴിയരികില്‍ സെൽഫിയെടുക്കുന്നവരുടെ എണ്ണം പെരുകുന്നു. ഞങ്ങൾ കൈമെയ് മറന്ന് കൂടെയുണ്ടാകും. ഈ സെൽഫി താങ്കളുടെ പ്രചാരണത്തിനെന്ന് പറഞ്ഞ് കർഷകൻ കെട്ടിപ്പിടിക്കുന്നു. പനമരവും അഞ്ചുകുന്നും കേന്ദ്രീകരിച്ച് ഉച്ചകഴിഞ്ഞു നടന്ന പര്യടനത്തിൽ ചിന്തിച്ചുറപ്പിച്ചേ വോട്ടുചെയ്യൂ എന്ന ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ മറുപടി വ്യക്തമായ സൂചനയായി.

കാഞ്ഞിരങ്ങാട് പ്രദേശിക കൺവെൻഷന് ശേഷം വൈകുന്നേരം നടന്ന എടവകയിലെ പ്രാദേശിക കൺവെൻഷനിൽ വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. എൽഡിഎഫ് മാനന്തവാടി താലൂക്ക് കൺവീനർ എം പി സഹദേവൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി കെ ശശിധരൻ, നിഖിൽ പത്മനാഭൻ, എ എൻ പ്രഭാകരൻ, ടോണി ജോണ്‍, ശോഭാ രാജൻ, എൻ സുശീല തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു. ജനപ്രതിനിധിയെന്നാൽ ഇടതുസ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയെന്ന ബോധ്യത്തിലേക്ക് ജനശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചകമായി മാനന്തവാടി മണ്ഡലം ആദ്യദിന പൊതുപര്യടനം. ഇന്ന് കല്പറ്റ മണ്ഡലത്തിലാണ് പര്യടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.