മാന്ദാമംഗലത്ത് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന് മൾട്ടിപ്ലക്സ് തിയേറ്റർ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറാൻ ധാരണയായി. തിരുവനന്തപുരത്ത് ഒല്ലൂർ എംഎൽഎ കൂടിയായ മന്ത്രി കെ രാജന്റെഅധ്യക്ഷതയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. റവന്യൂ വകുപ്പിന്റെ അധീനതയിൽ ഉള്ള ഒരു ഏക്കർ ഭൂമിയാണ് കൈമാറുന്നത്. നേരത്തേ, ഭൂമി പാട്ടത്തിന് അനുവദിക്കണമെന്നായിരുന്നു ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുത്തൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് ഉൾപ്പടെ, ഒല്ലൂർ ടൂറിസം കോറിഡോറിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് റവന്യൂ മന്ത്രിയുടെ താൽപര്യപ്രകാരമാണ് ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറി നടപടികൾ വേഗത്തിലാക്കാൻ പോകുന്നത്. കിഫ്ബിയുടെ സഹായത്തോടെ 120 കോടി രൂപയാണ് പദ്ധതി ചെലവ്. തിയറ്റർ കോംപ്ലക്സ് നിർമാണം പൂർത്തിയാകുന്നതോടെപ്രാദേശികമായ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.
നടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ നിർദ്ദേശിച്ചു. വെള്ളിയാഴ്ച റവന്യൂ, സാംസ്കാരിക, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദിഷ്ട ഭൂമിയിൽ സംയുക്ത പരിശോധന നടത്തുന്നതിനുള്ള സൗകര്യം തൃശൂർ ജില്ലാ ഭരണകൂടം ഒരുക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. ഭൂമി കൈമാറ്റ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് തീയറ്റർ കോംപ്ലക്സിനുള്ള വിശദ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച നടത്തുന്ന സംയുക്ത പരിശോധനയ്ക്കൊപ്പം ഡിപിആറിനുള്ള നടപടികളും പൂര്‍ത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.
തീയറ്റർ നിർമിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് വിദഗ്ധരെ റവന്യൂ മന്ത്രി ചുമതലപ്പെടുത്തി. യോഗത്തിൽ മലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ ഗീത എന്നിവരും സംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും ഓൺലൈനായി തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി കലക്ടർ ജ്യോതി എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.