ഗോദി മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവചനം വസ്തുതകള്‍ക്ക് നിരക്കാത്തതും തട്ടിക്കൂട്ട് പരിപാടിയാണെന്നും വ്യാപക ആക്ഷേപം. പല സംസ്ഥാനങ്ങളിലും എത്ര ലോക്‌സഭാ സീറ്റുകള്‍ ഉണ്ടെന്ന് പോലും മനസിലാക്കാതെയാണ് സര്‍വേഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുണ്ടായ പല എക്സിറ്റ് പോളുകള്‍ക്കും കൃത്യതയില്ല എന്നതാണ് ചരിത്രം. ഇന്ത്യപോലെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളുള്ള ഒരു രാജ്യത്ത് വിവരങ്ങള്‍ ശേഖരിക്കുക വലിയ വെല്ലുവിളിയാണെന്ന് വിശകലന വിദഗ്ധര്‍ സമ്മതിക്കുന്നു. 2021ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത് ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 290ല്‍ 213 സീറ്റും ലഭിച്ചു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ കൂടി കിട്ടി. അന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി, ഇന്ത്യ ന്യൂസ് ‑ജെ കെ ബി, റിപബ്ലിക്-ജന്‍കി ബാത്, റിപബ്ലിക്-സിഎന്‍ എക്സ് എന്നിവയെല്ലാം ബിജെപി വിജയിക്കുമെന്നാണ് പറഞ്ഞത്. ഇവരൊക്കെ തന്നെയാണ് മോഡിക്ക് മൂന്നാമൂഴം പ്രവചിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളുടെ വിശ്വാസ്യതയെ കുറിച്ച് വലിയ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആന്ധ്രയില്‍ ഇത്തവണ പുതിയ സര്‍വേ ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. പാര്‍ത്ഥാ ചാണക്യ, റെയ്സ്, ആത്മ സാക്ഷി എസ്എഎസ്, അഗ്നിവീര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ആദ്യം ടിഡിപി-ജനസേന- ബിജെപി സഖ്യം ഏകപക്ഷീയമായ വിജയം നേടുമെന്ന് ഒരു വിഭാഗം പ്രവചിച്ചു. ഏറെ വെെകാതെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന വിവരം മറ്റൊരു വിഭാഗം ഏജന്‍സികള്‍ പുറത്തുവിട്ടു. ഒരേ സംസ്ഥാനത്ത് രണ്ടുകക്ഷികള്‍ വിജയം നേടുമെന്ന രീതിയില്‍ എക്സിറ്റ് പോളുകള്‍ പുറത്തുവരുന്നത് ആദ്യം.
25 ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള രാജസ്ഥാനില്‍ ന്യൂസ് 24 സര്‍വേ എന്‍ഡിഎയ്ക്ക് 33 സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. സീ ന്യൂസ് ആക്സിസ് മൈ ഇന്ത്യ സര്‍വേ അനുസരിച്ച് നാല് മണ്ഡലങ്ങളുള്ള ഹിമാചല്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് ആറ് മുതല്‍ എട്ട് സീറ്റുകള്‍ വരെ കിട്ടും. ഇവര്‍ 10 സീറ്റുകളുള്ള ഹരിയാനയിലെ പ്രവചനം നടത്തിയിരിക്കുന്നതും വിചിത്രമായാണ്. അവിടെ എന്‍ഡിഎയ്ക്ക് 16 മുതല്‍ 19 സീറ്റ് വരെ ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ബിഹാറില്‍ ആകെ അഞ്ച് സീറ്റിലാണ് എല്‍ജെപി മത്സരിക്കുന്നത്, അവര്‍ക്ക് നാല് മുതല്‍ ആറ് സീറ്റ് വരെ കിട്ടുമെന്നും ആക്സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിച്ചിട്ടുണ്ട്.
English Summary:
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.