13 December 2025, Saturday

Related news

October 30, 2025
September 30, 2025
September 23, 2025
September 18, 2025
September 17, 2025
July 28, 2025
July 22, 2025
June 19, 2025
January 23, 2025
December 27, 2024

കംബോഡിയയിൽ അനുഭവിച്ചത് കടുത്ത പീഡനം; സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു

തൊഴിൽതട്ടിപ്പിനിരയായി കുടുങ്ങിയവർ വീടുകളിലെത്തി
Janayugom Webdesk
കോഴിക്കോട്
October 29, 2024 8:13 pm

തൊഴിൽതട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ തിരിച്ചെത്തി. പിറന്ന മണ്ണിൽ എത്തിയതിലെ ആശ്വാസത്തിലാണ് ഇവർ. കൊടിയ യാതനയും പീഡനവും അനുഭവിച്ച ശേഷമുള്ള രക്ഷപ്പെടലായിരുന്നു ഇവരുടേത്. മണിയൂർ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽതാഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തൽ അശ്വന്ത് എന്നിവരാണ് വടകരയിലെ വീടുകളില്‍ തിരിച്ചെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഇവർ നാട്ടിലെത്തിയത്. ഇവർക്കു പുറമെ മലപ്പുറം സ്വദേശിയും മംഗലാപുരം സ്വദേശിയും നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാത്രി വൈകിയാണ് മലേഷ്യയിൽ നിന്നു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇവർ എത്തിച്ചേർന്നത്.

തൊഴിൽതട്ടിപ്പ് സംബന്ധിച്ച് നെടുമ്പാശേരി പൊലീസിൽ മൊഴി നൽകിയ ശേഷമായിരുന്നു നാട്ടിലേക്കുള്ള മടക്കം. തായ്‌ലന്റിലെ പരസ്യ കമ്പനികളിലും ഐടി കമ്പനികളിലുമാണ് ജോലിയെന്ന് പറഞ്ഞാണ് ഒരു ലക്ഷം രൂപയുടെ വിസയിൽ ഇവരെ കൊണ്ടുപോയത്. തായ്‌ലന്റിൽ എത്തിയശേഷമാണ് കംബോഡിയയിലാണ് ജോലി എന്നുപറയുന്നത്. സൈബർ തട്ടിപ്പ് ഉൾപ്പെടെ ചെയ്യുന്ന കമ്പനിയാണ് കമ്പോഡിയയിലേത്. ഈ ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ക്രൂരമായ പീഡനമാണ് ഏൽക്കേണ്ടിവന്നതെന്ന് ഇവര്‍ പറയുന്നു.

ഒക്ടോബർ മൂന്നിനാണ് ഇവർ കംബോഡിയയിൽ തട്ടിപ്പ് സംഘത്തിന്റെ കൈയിൽ അകപ്പെട്ടത്. തുടര്‍ന്ന് ക്രൂര മർദനത്തിന് ഇരയായി. ഇരുമ്പ് ദണ്ഡ്കൊണ്ടുപോലും തല്ലി. മറക്കാനാവാത്ത അനുഭവമാണ് ഈ ദിവസങ്ങളിലുണ്ടായത്. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു. തുടന്നാണ് നാട്ടിൽ വിവരമറിഞ്ഞത്. ഷാഫി പറമ്പിൽ എംപി, കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ എന്നിവർ വിഷയം സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംസ്ഥാനസർക്കാർ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ വേണ്ട ഇടപെടലുകൾ നടത്തി. തുടർന്നാണ് നാട്ടിലേക്കുള്ള യാത്ര എളുപ്പമായത്. നാട്ടിലെത്തിയവരെ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു. ആവശ്യമായ നിയമസഹായം ഉൾപ്പെടെ ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.