7 January 2025, Tuesday
KSFE Galaxy Chits Banner 2

കരുതൽ ആവശ്യപ്പെടുന്ന അനുഭവങ്ങളും ആശങ്കകളും

Janayugom Webdesk
January 6, 2025 5:00 am

അഞ്ചുവർഷം മുമ്പുള്ള ജനുവരിയിലാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തി കോവിഡ് മഹാമാരിയുടെ വ്യാപനം ആരംഭിച്ചത്. അതിന് മാസങ്ങൾക്ക് മുമ്പ് ചൈനയിൽ ആയിരുന്നു ആദ്യം പേര് നിർണയിച്ചിട്ടില്ലാതിരുന്ന വൈറസിന്റെ ഉറവിടം കണ്ടെത്തിയത്. പിന്നീട് ജനുവരിയോടെ മറ്റ് രാജ്യങ്ങളിലേക്ക് പടരുകയും ലോകമാകെ അടച്ചുപൂട്ടലിനും മരണത്തിന്റെ സംഹാരതാണ്ഡവത്തിനും കാരണമാകുകയും ചെയ്തു. അതേമാസം തന്നെ ഇന്ത്യയിലും രോഗബാധ സ്ഥിരീകരിക്കുകയും മാർച്ചോടെ രാജ്യം അടച്ചുപൂട്ടലിലേക്ക് പോകേണ്ടിവരികയും ചെയ്തു. അതിസമ്പന്ന രാജ്യങ്ങളുടെ പോലും ആരോഗ്യപരിപാലന രംഗത്തിന്റെ ദുരവസ്ഥ തുറന്നുകാട്ടിയതായിരുന്നു കോവിഡ് വ്യാപനക്കാലം. യുഎസ്, ബ്രസീൽ പോലുള്ള രാജ്യങ്ങൾക്കൊപ്പം ഏറ്റവും തിക്തമായ അനുഭവങ്ങളും ആൾനാശവും ഉണ്ടായ രാജ്യങ്ങളിലൊന്നായി നമ്മുടെ രാജ്യവും എണ്ണപ്പെട്ടു. ആരോഗ്യരംഗത്തിന്റെ അതിശോചനീയാവസ്ഥ പാവപ്പെട്ടവരെ മാത്രമല്ല ഇടത്തരക്കാർക്ക് പോലും അതിജീവിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാക്കി. ശ്മശാനങ്ങളിലും ആശുപത്രികളിലെ ശവമുറികളും സ്ഥലമില്ലാതെ ജഡങ്ങൾ കുന്നുകൂടി. പരിശുദ്ധമെന്നാരാധിക്കുന്ന നദികൾ മൃതദേഹങ്ങളുടെ ഒഴുക്കുചാലുകളായി. രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് പിടിച്ചുനിർത്തുന്നതിനുമായിരുന്നു അടച്ചുപൂട്ടൽ ലക്ഷ്യംവച്ചതെങ്കിലും മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിക്കപ്പെട്ടത് ആയിരങ്ങളുടെ അനിശ്ചിത ജീവിതത്തിനും അപകടമരണത്തിനും കാരണമായി. നിശ്ചലാവസ്ഥയിലായ സമ്പദ്ഘടന പൂർണമായും ചലനാക്തമായെന്നത് അവകാശം മാത്രമാണ്. തകർത്തെിഞ്ഞ ജീവിതങ്ങൾക്കിപ്പോഴും കണക്കെടുപ്പുണ്ടായിട്ടില്ല. പരസ്പരം പഴിചാരിയും തൻപ്രമാണിത്തം നടിച്ചും രാഷ്ട്രത്തലവന്മാർ അഭിരമിക്കുന്നതിനും നാം സാക്ഷികളായത് ആ മഹാമാരിക്കാലത്താണ്. യുഎസിലെ ട്രംപും ബ്രസീലിലെ ബോൾസനാരോയും ഇന്ത്യയിലെ നരേന്ദ്ര മോഡിയും അതിൽ മുന്നിലായിരുന്നു. പക്ഷേ, അവകാശവാദങ്ങൾക്കപ്പുറം ആ രാജ്യങ്ങളിലെ സാധാരണ ജനങ്ങളാണ് ദുരിതത്തിന്റെ ആഴക്കയങ്ങളിൽ നിന്ന് ഇപ്പോഴും കരകയറാത്തവരെന്നത് ലോക വസ്തുതയാണ്. 

ഇത്തരമൊരു ദുരന്താനുഭവം നേരിട്ട ലോക ജനതയ്ക്കു മുന്നിലാണ് ചൈനയിൽ നിന്ന് പുതിയ വൈറസ് വ്യാപനത്തിന്റെ വാർത്തയെത്തിയിരിക്കുന്നത്. കോവിഡിന് സമാന ലക്ഷണങ്ങളുള്ള ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ബാധയാണ് വ്യാപിക്കുന്നത്. കോവിഡിന് സമാനമായി ജലദോഷ ലക്ഷണങ്ങൾ തന്നെയാണ് എച്ച്എംപിവിക്കും. ചുമ, ശ്വാസം മുട്ടൽ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയ്ക്കും കാരണമാകുന്നു. ചെറിയ കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും വൈറസ് ഗുരുതരമായേക്കാമെന്നും സൂചനകളുണ്ട്. ഇതും ശ്വാസകോശ സംബന്ധിയായ രോഗം തന്നെയാണ്. കോവിഡിനെ പോലെ 20 സെക്കന്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, രോഗികളുമായി സമ്പർക്കം ഒഴിവാക്കുക, ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് ധരിക്കണം തുടങ്ങിയ മുൻകരുതൽ തന്നെയാണ് എച്ച്എംപിവിക്കും നിർദേശിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ, സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ജാഗ്രതയും മുന്നൊരുക്കങ്ങളും ആവശ്യമാണെന്ന നിർദേശവും അധികൃതരുടെ ഭാഗത്തുനിന്നുണ്ട്. 

2019 സെപ്റ്റംബറിൽ തന്നെ ലോകാരോഗ്യ സംഘ‍ടനയിൽ പ്രവർത്തിച്ചിരുന്ന ഉന്നത ആരോഗ്യ പ്രവർത്തകരടക്കം നേതൃത്വം നൽകുന്ന ഗ്ലോബൽ പ്രിപ്പേഡ്നസ് മോണിറ്ററിങ് ബോർഡ്(ജിപിഎംബി) എന്ന സംഘടന ശ്വാസകോശ സംബന്ധമായ മാരകരോഗം ലോകമാകെ വ്യാപിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ലോകം അപകട സാധ്യതയിൽ എന്ന പേരിലുള്ള റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുത്ത് മുൻകരുതലുകൾ കൈക്കൊള്ളാൻ പല സർക്കാരുകളും തയ്യാറായില്ല. അതുകഴിഞ്ഞ് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ പിന്നീട് കോവിഡ് എന്ന് പേരിട്ട മഹാമാരി വൈറസുകൾ ചൈനയിൽ കണ്ടെത്തി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും വ്യാപാരികളും വിനോദ സഞ്ചാരികളും വന്നുപോകുന്ന രാജ്യമായിരുന്നിട്ടും വൈറസ് വ്യാപനം ഗോപ്യമാക്കിവച്ചത് പ്രത്യാഘാതങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു. ഇത്തവണ മുന്നറിയിപ്പുകൾ ഉണ്ടായില്ലെങ്കിലും രോഗവ്യാപനമുണ്ടായെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. തണുപ്പ് കാലത്തെ സ്വാഭാവിക പ്രതിഭാസമാണിതെന്നും അവര്‍ വിശദീകരിക്കുന്നു. എങ്കിലും കോവിഡ് മഹാമാരിയുടെ കാലത്തെ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് മതിയായ മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ട്. കേരളം പോലുള്ള അപൂർവം സംസ്ഥാനങ്ങൾ ഒഴികെ ഇന്ത്യയുടെ ആരോഗ്യ പരിപാലന രംഗം അതീവ ശോചനീയമാണെന്ന് മഹാമാരിക്കാലത്തും പിന്നീടുണ്ടായ നിരവധി അനിഷ്ട സംഭവങ്ങളിലൂടെയും ബോധ്യപ്പെട്ടതാണ്. അതുകൊണ്ട് ആരോഗ്യ പരിപാലനരംഗം ശക്തിപ്പെടുത്തുകയും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യുക എന്ന ദൗത്യം അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്. 

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.