ജി ശങ്കരപ്പിള്ളയുടെ കഥാവശേഷൻ എന്ന നാടകത്തിലൂടെയാണ് അജിത നമ്പ്യാർ അരങ്ങിലെത്തിയത്. പ്രധാന വേഷം ചെയ്യുന്ന നടിയ്ക്കെന്തോ അസൗകര്യം വന്നപ്പോൾ അണിയറ പ്രവർത്തകർ അജിതയോട് ആ വേഷം അവതരിപ്പിക്കാൻ കഴിയുമോ എന്ന് ചോദിക്കുകയായിരുന്നു. പാട്ടുകാരിയാകണമെന്ന ആഗ്രഹത്താലായിരുന്നു അജിത നമ്പ്യാർ യൂക്ക് (യൂത്ത് ഓർഗനൈസേഷൻ ഓഫ് കാലിക്കറ്റ്) എന്ന സംഘടനയിൽ അംഗത്വമെടുത്തത്. എന്നാൽ ഇതേ സംഘടന അവതരിപ്പിച്ച നാടകത്തിലൂടെ അവർ വേദിയിലെത്തി. തുടർന്നിങ്ങോട്ട് ഇരുന്നൂറ്റമ്പതിലധികം നാടകങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടകയാത്ര തുടരുന്ന അജിത നമ്പ്യാരെ തേടി കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്കാരവുമെത്തി. തന്റെ ഗുരുനാഥൻ നടനും നാടക സംവിധായകനുമായ വിജയൻ വി നായർക്കൊപ്പം പുരസ്ക്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അജിത നമ്പ്യാർ. വനിതാകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന അജിത നമ്പ്യാരിപ്പോൾ യുവകലാസാഹിതിയുടെ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. നിരവധി സിനിമകളിലും ഇവർ വേഷമിട്ടിട്ടുണ്ട്.ഭർത്താവ് കരുണാകര മേനോന്റെ മരണമാണ് തന്നെ ജീവിതത്തിൽ തളർത്തിയതെന്ന് അജിത നമ്പ്യാർ പറയുന്നു. ഇവർക്ക് 24 വയസുള്ളപ്പോഴായിരുന്നു ഭർത്താവിന്റെ മരണം. ഇതോടെ താനും മകനും ജീവിതത്തിൽ തനിച്ചായതുപോലെ തോന്നി. ഭർത്താവിന്റെ മരണം തീർത്ത ശൂന്യതയിൽ ജീവിക്കുമ്പോൾ അമ്മ കൂടി യാത്രയായി. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മറ്റൊരു വിവാഹം കഴിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള ജീവിതമല്ല അവിടെ ലഭിച്ചത്. ദുരിതങ്ങൾ വേട്ടയാടിയ കുറേ നാളുകൾ. ഇതിനിടയിൽ ഒരു മകനുമുണ്ടായി. ഒരു മനുഷ്യജീവിയെന്ന പരിഗണന പോലും കിട്ടാതെ വന്നതോടെ മകനെയും കൂട്ടി ആ വീട്ടിൽ നിന്നിറങ്ങി. തിരിച്ച് നാട്ടിലെത്തിയ ശേഷം ബന്ധുക്കളുടെ സഹായത്തോടെ ട്യൂഷനെടുത്തും നാടകങ്ങൾ ചെയ്തും മുന്നോട്ടുപോവുകയായിരുന്നെന്ന് അജിത നമ്പ്യാർ പറഞ്ഞു. ആദ്യ നാടകമായ കഥാവശേഷൻ സംവിധാനം ചെയ്തത് വിജയൻ വി നായരായിരുന്നു. തുടർന്ന് യൂക്ക്, അണിയറ തുടങ്ങിയ സംഘടനകളുടെ നിരവധി നാടകങ്ങളിൽ വേഷമിട്ടു. പി എം താജ് ഉൾപ്പെടെയുള്ള പ്രഗദ്ഭരുടെ നാടകങ്ങളിൽ അക്കാലത്ത് അഭിനയിച്ചു. കളിയൊരുക്കം എന്ന അമച്വർ നാടക സംഘം അവതരിപ്പിച്ച പകർന്നാട്ടം എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം. ജയപ്രകാശ് കാര്യാൽ സംവിധാനം ചെയ്ത ഈ നാടകത്തിലെ അഭിനയത്തിന് വിജയൻ വി നായർക്കും സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. രമേശ് കാവിൽ രചിച്ച് ഗിരീഷ് പി സി പാലം സംവിധാനം ചെയ്ത മൂന്നാം കുന്നിലെ അഭിനയത്തിനായിരുന്നു രണ്ടാമത്തെ പുരസ്കാരം. അഹല്യ നാടക പുരസ്കാരവും ലഭിച്ചു. ഇപ്പോൾ കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്കാരവും ഇവരെ തേടിയെത്തി.
ബ്രഹ്ത്തിന്റെ രചനയെ ആസ്പദമാക്കി രാജു നരിപ്പറ്റ സംവിധാനം ചെയ്ത സെറ്റ്സ്വാനിലെ നല്ല സ്ത്രീ എന്ന നാടകത്തിൽ പുരുഷനായും സ്ത്രീയായും വേഷമിട്ടു. മഞ്ജുള പത്മനാഭന്റെ ഇംഗ്ലീഷ് നാടകത്തെ ആസ്പദമാക്കി രാജു നരിപ്പറ്റ ഒരുക്കിയ ഹാർവെസ്റ്റ്, വിജയൻ വി നായർ സംവിധാനം ചെയ്ത ജാനകിയേടത്തിക്ക് എന്തോ പറയാനുണ്ട്, ഡോ. സാംകുട്ടി പട്ടംകരി രചിച്ച് ടി സുരേഷ് ബാബു സംവിധാനം ചെയ്ത അടയാളം, ജോയ് മാത്യുവിന്റെ രചനയിൽ രത്നാകരൻ സംവിധാനം ചെയ്ത മധ്യധരണ്യാഴി എന്നിവയിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ചേറ്, മൂന്നാം കുന്ന്, ഈ ഫോർ ഈഡിപ്പസ് തുടങ്ങിയ ഗിരീഷ് പി സി പാലത്തിന്റെ നാടകങ്ങളിലും മികച്ച വേഷമായിരുന്നു. എ ശാന്തകുമാർ രചനയും സംവിധാനവും നിർവഹിച്ച വൃദ്ധവൃക്ഷങ്ങൾ എന്ന നാടകവും ശ്രദ്ധേയമായി. എം കെ രവിവർമ്മ രചിച്ച് വിജയൻ വി നായർ സംവിധാനം ചെയ്ത പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം, ജയപ്രകാശ് കുളൂർ രചന നിർവഹിച്ച ഷിബു മുത്താട്ട് സംവിധാനം ചെയ്ത ബാലേടത്തി എന്നീ വൺ ആക്ട് പ്ലേകളിലും വേഷമിട്ടു. അഭിനേതാവും നരേറ്ററുമെല്ലാമായി അജിത നമ്പ്യാർ മാത്രമായിരുന്നു അരങ്ങത്ത്. കെ ടി മുഹമ്മദിന്റെ മുമ്പിൽ ബോംബെയിൽ രണ്ടാഴ്ച അദ്ദേഹത്തിന്റെ നാടകം ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു. കെ ടി മുഹമ്മദ്, പി എം താജ്, കെ ആർ മോഹൻദാസ്, വിജയൻ വി നായർ, ജയപ്രകാശ് കാര്യാൽ, ജയപ്രകാശ് കുളൂർ, എ രത്നാകരൻ, ശശി നാരായണൻ, പുരുഷു കെ കെ, രാജു നരിപ്പറ്റ, ഷിബു മുത്താട്ട്, സാംകുട്ടി പട്ടംകരി, ടി സുരേഷ് ബാബു, ഗിരീഷ് പി സി പാലം, എ ശാന്തകുമാർ, എം കെ രവിവർമ്മ തുടങ്ങി കേരളത്തിലെ പ്രശസ്തരായ നാടകപ്രവർത്തകർക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അജിത നമ്പ്യാർ കാണുന്നു. ആകാശവാണി ബി ഹൈ ആർട്ടിസ്റ്റാണ്. നിരവധി റേഡിയോ നാടകങ്ങളും ചെയ്തു. കൽപറ്റ നാരായണന്റെ കഥയെ ആസ്പദമാക്കി കെ ഗോപിനാഥൻ സംവിധാനം ചെയ്ത ഇത്രമാത്രം എന്ന ചിത്രത്തിൽ ശ്വേതാ മേനോന്റെ സുഹൃത്തായിട്ടാണ് ആദ്യമായി സിനിമയിലെത്തിയത്. തുടർന്ന് ബാവുട്ടിയുടെ നാമത്തിൽ, ഈട, അങ്കിൾ, ഷട്ടർ തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. അങ്കിളിലെ പൊലീസുകാരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈടയിൽ ഷെയ്ൻ നിഗത്തിന്റെ പിതൃസഹോദരിയുടെ വേഷമായിരുന്നു. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ സുരാജ് വെഞ്ഞാറമൂടിന്റെ അമ്മ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്മർ എന്ന ചിത്രത്തിലെ അച്ചമ്മയുടെ വേഷവും ശ്രദ്ധേയമായി. ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിർവ്വഹിച്ച 'ഴ'യിൽ നായക കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു. വിശേഷം എന്ന ചിത്രത്തിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. വൈറൽ സിബി, ബുള്ളറ്റ് ഡയറീസ്, മോമോ ഇൻ ദുബൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കരിക്കിന്റെെ വെബ് സീരീസ് ആവറേജ് അമ്പിളിയിലും അഭിനയിച്ചു. ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രം ഉൾപ്പെടെ മുപ്പതോളം ചിത്രങ്ങൾക്ക് ശബ്ദം നൽകി. കോഴിക്കോട് പറമ്പിൽ ബസാറിലാണ് താമസം. മൂത്ത മകൻ അരുൺ ഗോപാൽ നോർവെയിൽ ടെസ്‌ല കമ്പനിയിൽ എഞ്ചിനീയറാണ്. അഞ്ജലിയാണ് ഭാര്യ. രണ്ടാമത്തെ മകൻ ഗൗതം നമ്പ്യാർ പഠിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.