സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വ സ്വയംഭരണം നൽകണമെന്ന് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തു. സമിതി റിപ്പോർട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവിന് സമർപ്പിച്ചു.
മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടിസിസി മാനേജിങ് ഡയറക്ടർ ഹരികുമാർ, കൊച്ചി റിഫൈനറി മുൻ ഇ ഡി പ്രസാദ് പണിക്കർ എന്നിവർ അംഗങ്ങളായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പൊതുമേഖലാസ്ഥാപനങ്ങൾ സ്വയംപര്യാപ്തവും സ്വയം ഭരണാവകാശമുള്ളവയുമായിരിക്കണമെന്നതാണ് സർക്കാർ നയമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ 21 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷം കൂടുതൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വർഷം തുടർച്ചയായി ലാഭകരമായ രീതിയിൽ പ്രവർത്തിക്കുന്നതും ഓഡിറ്റ് കൃത്യമായി സമർപ്പിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപ വരെയുള്ള ഇടപാടുകളിൽ സ്വയം തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള 33 നിർമ്മാണ‑വ്യാപാര കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ച ശുപാർശകളാണ് സമിതി നൽകിയത്. കെഎസ്ഐഡിസി, കിൻഫ്ര, സഹകരണ സ്ഥാപനങ്ങൾ എന്നിവയെ റിപ്പോർട്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 33 പൊതുമേഖലാ സ്ഥാപനങ്ങളെ ശരാശരി വരുമാനത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുന്നതിനായി 28 വിഷയങ്ങളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.
പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ആധുനീകരണം നടപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോർഡുകൾക്ക് അധികാരം നൽകണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. സർക്കാർ ഗ്യാരന്റിയില്ലാതെ സ്വന്തം ഈടിൻമേൽ ബാങ്കുകളിൽനിന്ന് വായ്പ സ്വീകരിക്കാനുള്ള അധികാരം നൽകണമെന്നും മൂലധനച്ചെലവ് ഏറ്റെടുക്കാനും മെഷിനറികളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള അധികാരം നൽകണമെന്നും തൊഴിലാളികളെ പുനർവിന്യസിക്കാൻ ഉള്ള അധികാരം, അപ്രസക്തമായ തസ്തികകൾ നിർത്തലാക്കാനുള്ള അധികാരം, വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിരമിക്കൽ, വിആർഎസ് നൽകാനുള്ള അവകാശം എന്നിവ സ്ഥാപനങ്ങൾക്ക് നൽകണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.
English summary; Expert committee reports that autonomy should be given to public sector undertakings
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.