മലയാളികളായ നഴ്സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതൽ, ദയാപൂർവമായ പെരുമാറ്റം എന്നിവ ലോകപ്രശസ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോസ്പിറ്റൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതു ഭാഗത്തും ആദ്യം ആരും തേടുന്നത് മലയാളി നഴ്സുമാരെയാണ്. ഈ തിരിച്ചറിവോടെ നഴ്സിംഗ് പഠന രംഗത്തും നഴ്സുമാരുടെ റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം ‘ശത സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യത്തിന്റെ പ്രതീകങ്ങളാണ് നഴ്സുമാർ. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും പ്രതീകമായാണ് ഏവരും നഴ്സുമാരെ കാണുന്നത്. കേവലം പരിചരണമല്ല തികച്ചും മനുഷ്യത്വ പൂർണ്ണമായ പരിചരണമാണ് നഴ്സുമാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. വേദനയിൽ പുളഞ്ഞിരുന്ന ഓരോ സൈനികന്റെ അടുത്തേക്കും ഒരു കയ്യിൽ റാന്തൽവിളക്കും മറുകയ്യിൽ മരുന്നു പാത്രവുമായി ഓടി നടന്ന് പ്രവർത്തിച്ച ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരാണെന്ന ചിന്ത ഓരോ നഴ്സുമാരിലും ഉണ്ടാകണം. നഴ്സിംഗ് മേഖലയുടെ വിലമതിക്കാനാവാത്ത പരിചരണം വളരെയധികം തിരിച്ചറിഞ്ഞ കാലമാണിത്.
ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 1,020 ബി. എസ്. സി നഴ്സിംഗ് സീറ്റുകൾ പുതുതായി വർദ്ധിപ്പിച്ചു. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സീമെറ്റിൽ 420 സീറ്റുകൾ, സീപാസ്സിൽ 150 സീറ്റുകൾ, കെയ്പ്പിൽ 50 സീറ്റുകൾ എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സർക്കാർ, സർക്കാർ നിയന്ത്രിത മേഖലകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 5,627 ആയി. കൂടാതെ സർക്കാർ മേഖലയിൽ ജനറൽ നഴ്സിംഗിന് മുൻവർഷത്തെ അപേക്ഷിച്ച് 100 സീറ്റുകൾ കൂടി വർദ്ധിപ്പിച്ചു. അതോടെ ആകെ എണ്ണം 557 ആയി. തിരുവനന്തപുരത്തും ആലപ്പുഴയിലും എം. എസ്. സി മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സിന് അനുമതി നൽകി. 16 പേർക്കാണ് തുടക്കത്തിൽ പ്രവേശനം ലഭിക്കുക. ട്രാൻസ്ജെന്റർ വ്യക്തികൾക്ക് നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിച്ചു.
കൂടാതെ പുതുതായി ആരംഭിച്ച ആറ് സർക്കാർ നഴ്സിംഗ് കോളേജുകൾക്കായി 79 തസ്തികകളും സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും നഴ്സിംഗ് മേഖലയിൽ ധാരാളം അവസരങ്ങൾ ഉണ്ടായി വരുന്നുണ്ട്. അതു കണ്ടുകൊണ്ടാണ് ഈ രീതിയിൽ നഴ്സിംഗ് മേഖലയിൽ സീറ്റ് വർധന വരുത്തുന്നത്. സീറ്റ് വർധന ഇനിയുംതുടരാനാണ് സർക്കാർ തീരുമാനം. വിവിധ സാധ്യതകൾ നമ്മുടെ നാട്ടിലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. പുറം നാടുകളിൽ ജോലി തേടി പോകുന്ന നഴ്സുമാർക്ക് അവിടത്തെ ഭാഷ പരിചയപ്പെടുത്താൻ ആവശ്യമായ കോഴ്സുകൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും ചർച്ചകൾ നടത്തി വരികയാണ്. ഇത്തരം അവസരങ്ങൾ ഒരുങ്ങുമ്പോൾ അവ ഉപയോഗപ്പെടുത്താൻ കഴിയുന്നവിധം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ നഴ്സിംഗ് കോളേജുകൾക്ക് സാധിക്കണം. സേവനത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും ഉന്നത മികവു പുലർത്തുന്നവരായി നമ്മുടെ കുട്ടികൾ മാറണം. അതിനുതകുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
കൊച്ചി മുനിസിപ്പൽ മേയർ അഡ്വ. എം. അനിൽകുമാർ സുവനീർ ഏറ്റു വാങ്ങി. കെ. ജെ മാക്സി എംഎൽഎ, സംസ്ഥാന ആരോഗ്യ വകുപ്പ് മേധാവി ഡോ. കെ. ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സെക്കീന, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് എ. ഡി. എൻ. എസ് ബി. ബീന, കേരള നഴ്സസ് ആൻഡ് മിഡ്ഫൈസ് കൗൺസിൽ പ്രസിഡന്റ് പി. ഉഷാദേവി, കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷ്റഫ്, ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, എറണാകുളം എൻ. എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി, ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാൾ പി. സി ഗീത, പി. ടി. എ പ്രസിഡന്റ് വി. കെ അഷ്റഫ് എന്നിവർ സംസാരിച്ചു.
കൊച്ചി: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലം കൊണ്ട് അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിന്റെ വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൃത്യമായ ആലോചനകൾ നടത്തി പ്രാവർത്തികമാക്കിയെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം’ ശത സ്മൃതി‘യിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 1924ൽ ആരംഭിച്ച നഴ്സിംഗ് സ്കൂൾ ഇന്ന് വളർച്ചയുടെ ഒട്ടേറേ പടവുകൾ പിന്നിട്ടിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ചരിത്രം സൃഷ്ടിച്ചു മുന്നേറുകയാണ് എറണാകുളം ഗവ. നഴ്സിംഗ് സ്കൂളും ജില്ലാ ആശുപത്രിയും. രാജ്യത്ത് ആദ്യമായി ജില്ലാ തലത്തിൽ അവയവ മാറ്റ ശസ്ത്രക്രിയ, ഓപ്പൺ ഹാർട്ട് സർജറി എന്നിവ ജില്ലാ ആശുപത്രിയിൽ നടത്തി. ഹൃദയ മാറ്റ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകളും നടന്നു വരുന്നു. ആരോഗ്യ രംഗം മുൻപ് ഉണ്ടായിട്ടില്ലാത്ത നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു.
നിപ്പ, കോവിഡ് പ്രതിസന്ധികൾ വളരെ മികച്ച രീതിയിലാണ് നാം മറികടന്നത്. ആർദ്രം മിഷനിലൂടെ മികച്ച പ്രതിരോധമാണ് നാം നടത്തിയത്. ജനങ്ങളെ ചേർത്തു പിടിച്ചുള്ള മികവാർന്ന കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേരളം ചരിത്രത്തിൽ ഇടം പിടിച്ചുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സൂചികകളിലും കേരളം മുന്നിൽ നിൽക്കുന്നു. മാതൃ ശിശു മരണ നിരക്ക് കുറച്ചു കൊണ്ടു വരാൻ സംസ്ഥാനത്തിന് സാധിച്ചു.
കേരളത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് മനസിലാക്കി കേരളത്തിൽ തന്നെ പരമാവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ ശ്രദ്ധ നൽകുന്നുണ്ട്. ഗുണമേന്മയിൽ വിട്ടു വീഴ്ച വരുത്താതെ തന്നെ മെഡിക്കൽ സീറ്റുകൾ ഇരട്ടിയാക്കി ഉയർത്താനും സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
English Summary: Expertise and compassion of Malayali nurses are world famous: Chief Minister Pinarayi Vijayan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.