ആധുനിക കാലഘട്ടത്തിലും പ്ലാന്റേഷന്‍ വ്യവസായ മേഖലയില്‍ ചൂഷണം നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പഴയ കാലത്തെ അപേക്ഷിച്ച് കൂടുതല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഒരു വഴി മാറി മറ്റൊരു വഴിയിലൂടെ ചൂഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗവും എഴുത്തുകാരനുമായ ഡോ. കെ രവിരാമന്‍ രചിച്ച് രാജേന്ദ്രന്‍ ചെറുപൊയ്ക വിവർത്തനം ചെയ്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ആഗോളമൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടംതൊഴിലാളികളും’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. തേയില ഉല്പാദിപ്പിക്കുന്ന കമ്പനികള്‍ നഷ്ടത്തിലും തേയില വിറ്റഴിക്കുന്ന കമ്പനികള്‍ ലാഭത്തിലുമാകുന്ന പുതിയ സാഹചര്യമാണ് ഇന്നുള്ളത്. ആഗോളീകരണ കാലത്തെ മാര്‍ക്കറ്റിങ്ങിന്റെ പ്രത്യേകതയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിദേശ മൂലധനം തോട്ടം വ്യവസായത്തിന്റെ വികസനത്തെ സ ഹായിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ദേശവല്‍ക്കരണത്തെക്കുറിച്ച് ജനപ്രതിനിധികള്‍ ചിന്തിച്ചു തുടങ്ങുന്നത്. അച്യുതമേനോന്‍ സര്‍ക്കാരും തോട്ടം ദേശവല്‍ക്കരണത്തെക്കുറിച്ച് ചിന്തിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കിയില്ല. പിന്നീടാണ് ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ കൈകളിലേക്ക് തോട്ടങ്ങളുടെ ഉത്തരവാദിത്തം വരികയും ഉടമസ്ഥാവകാശം മാറി വരികയും ചെയ്തത്.
പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ഉള്‍പ്പെടെ മാനേജ്മെന്റും തൊഴിലാളികളും തോട്ടം മേഖലക്കുവേണ്ടി ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ മൂലധന താല്പര്യം സംരക്ഷിക്കാനാണ് ഇന്ന് തൊഴില്‍ നിയമങ്ങള്‍ ഉള്ളതെന്ന് തിരിച്ചറിയാന്‍ കഴിയും. ഈ സാഹചര്യത്തില്‍, കോളനി വാഴ്ചയും അതിന്റെ ഭരണ ക്രമങ്ങളും സ്വാതന്ത്ര്യത്തിന് മുമ്പും അതിനുശേഷവുമുള്ള കാലഘട്ടത്തിലും എങ്ങനെയാണ് തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതെന്ന് തിരിഞ്ഞു നോക്കാന്‍ കഴിയുന്ന പുസ്തകമാണ് ഡോ. രവിരാമന്‍ രചിച്ചിട്ടുള്ളതെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അപൂര്‍വമായി മാത്രമേ ഇത്തരം രചനകള്‍ ഉണ്ടാകാറുള്ളു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍, സംഘടനാ സമരങ്ങള്‍ എന്നിവ ചരിത്രത്തിന്റെ ഭാഗമാകാന്‍ പലരും ആഗ്രഹിക്കാറില്ല. ചരിത്രം നിര്‍മ്മിക്കുന്നത് ജനങ്ങളാണ്, ആ ജനങ്ങളുടെ പോരാട്ടങ്ങളാണ് പിന്നീട് ചരിത്രങ്ങളായി മാറുന്നതെങ്കിലും ചരിത്ര പുരുഷന്മാരേക്കുറിച്ചുള്ള ഗ്രന്ഥങ്ങളേ പലപ്പോഴും രചിക്കപ്പെടാറുള്ളൂ എന്നും യാഥാര്‍ത്ഥ്യമാണ്. അതില്‍ നിന്നും വ്യത്യസ്തമായി 15 വര്‍ഷത്തെ ഗവേഷണത്തിലൂടെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് പഠിച്ച് തികഞ്ഞ സാമൂഹ്യ വീക്ഷണത്തോടുകൂടി ഗ്രന്ഥം രചിക്കാന്‍ ഡോ. രവിരാമന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്ലാനിങ് ബോര്‍ഡ് അംഗം മിനി സുകുമാര്‍ പുസ്തകം സ്വീകരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിദ്ധിക് റാബിയത്ത്, ഗ്രന്ഥകര്‍ത്താവ് കെ രവിരാമന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ഷിബു ശ്രീധര്‍, ഡോ. പ്രിയ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
English Sammury: Dr. K Raviraman’s book released by kanam rajendran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.