22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപിയില്‍ പൊട്ടിത്തെറി; കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തില്‍ കൗൺസിലർമാര്‍ക്കും എതിര്‍പ്പ്

രാജേന്ദ്രകുമാർ ബി
പാലക്കാട്
October 22, 2024 10:38 pm

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ബിജെപിക്കുള്ളില്‍ വിഭാഗീയത ആളിക്കത്തുന്നു. സി കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്നും നഗരസഭയിലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും വിട്ടുനിന്നത് പടലപ്പിണക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്നതായി. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ മുതൽ ശോഭാ സുരേന്ദ്രനെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പക്ഷം ഇതിനെ അതിശക്തമായി എതിർത്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകളിൽ കോടികളുടെ ഫണ്ട് മുക്കിയെന്ന ആരോപണം നേരിടുന്ന സി കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർത്ഥിയാക്കിയതോടെ പുകഞ്ഞുതുടങ്ങിയ അണികളുടെയും പ്രാദേശിക നേതാക്കളുടെയും രോഷമാണ് ഒടുവില്‍ റോഡ് ഷോയിൽ പ്രതിഫലിച്ചത്. നഗരസഭാ കൗൺസിലർമാരെ അടക്കം അനുനയിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാളുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയില്‍ മുന്നൂറില്‍ താഴെ അണികൾ മാത്രമാണ് പങ്കെടുത്തത്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഭൂരിപക്ഷം കൗൺസിലർമാരും മാറിനിന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനം ബഹിഷ്ക്കരിക്കുന്ന നിലയിലേക്കാണ് പാര്‍ട്ടിയിലെ പ്രതിഷേധം വളര്‍ന്നിരിക്കുന്നത്. കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ശിവരാജൻ നേരത്തെതന്നെ സംസ്ഥാന ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ കെ സുരേന്ദ്രന്റെ അടുപ്പക്കാരനായ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അണികളുടെയും പാലക്കാട്ടെ നേതാക്കളുടെയും അമര്‍ഷം അതിരുവിട്ടു. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തിൽ ജില്ലയിലെ 137 ഭാരവാഹികളിൽ 33 പേർ മാത്രമാണ് പങ്കെടുത്തത്. 

എന്നാല്‍ ജില്ലാ ഭാരവാഹിയോഗത്തില്‍ കൃഷ്ണകുമാറിന് പിന്തുണ കിട്ടിയെന്നു വരുത്തി ദേശീയ നേതൃത്വത്തിന് ശുപാര്‍ശ കൈമാറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും കൃഷ്ണകുമാർ വിരുദ്ധര്‍ വിട്ടുനിന്നു. എഴുപതിലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിനെത്തിയത് 21 പേർ മാത്രമായിരുന്നു. റോഡ് ഷോയിൽ ആളുകള്‍ എത്താതിരുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി. ഇന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെത്തി യോഗം വിളിച്ചെങ്കിലും അതിലും പ്രതിഷേധം രേഖപ്പെടുത്തിയാണ് പലരും പിരിഞ്ഞുപോയത്. ശോഭാ സുരേന്ദ്രന് പാലക്കാട്ടേക്ക് സ്വാഗതം ആശംസിച്ച് ഒരു വിഭാഗം പ്രവർത്തകർ പാലക്കാട് നഗരസഭയ്ക്ക് മുമ്പിൽ സ്ഥാപിച്ച ഫ്ലക്സ് കത്തിച്ചനിലയിൽ കണ്ടെത്തിയതിലെ രോഷവും റോഡ് ഷോയിൽ പ്രതിഫലിച്ചുവെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്നും റോഡ് ഷോയ്ക്ക് ആളെത്താതിരുന്നതിന് കാരണം പാലക്കാട്ടുകാരെ മാത്രം അണിനിരത്തിയതുകൊണ്ടാണെന്നും സ്ഥാനാർത്ഥി വ്യാഖ്യാനിച്ചിട്ടും അതംഗീകരിക്കാന്‍ ആരും തയ്യാറായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.