22 December 2024, Sunday
KSFE Galaxy Chits Banner 2

തീരമേഖല സംരക്ഷണത്തിന് ചെല്ലാനം മാതൃക വ്യാപിപ്പിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
April 27, 2023 10:58 pm

തീരമേഖലയുടെ സംരക്ഷണത്തിന് എറണാകുളം ചെല്ലാനത്ത് നടപ്പാക്കുന്ന ടെട്രാപോഡ് മാതൃക വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം കൊല്ലംകോട് (പൊഴിയൂർ), കൊല്ലം കരുനാഗപ്പള്ളി മണ്ഡലത്തിലെ ആലപ്പാട് എന്നിവിടങ്ങളിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
ആലപ്പാട് പഞ്ചായത്തിലെ തീരശോഷണം തടയുന്നതിന് 172.50 കോടി കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഭദ്രൻമുക്കിൽ കുഴിത്തുറയ്ക്കും സ്രായിക്കാടിനും ഇടയിലുള്ള 1.6 കിലോമീറ്റർ ദൂരത്താണ് ചെല്ലാനം മാതൃകയിൽ സംരക്ഷണ പ്രവൃത്തികൾ നടത്തുക. ഈ മേഖലയിലുള്ള സംരക്ഷണ ഭിത്തി ഏറെക്കുറേ തകർന്ന അവസ്ഥയിലാണ്. നിലവിലുള്ള സംരക്ഷണ ഭിത്തി നിലനിർത്തി കൊണ്ടുതന്നെയാകും ടെട്രാപോഡുകൾ സ്ഥാപിക്കുക. കൊല്ലംകോട് തീരസംരക്ഷണത്തിന് 51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

കൊല്ലംകോട്, ആലപ്പാട്, ചെല്ലാനം ഉൾപ്പെടെ തീരശോഷണം രൂക്ഷമായ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി 560 കിലോമീറ്റർ ദൈർഘ്യം വരുന്ന 10 തീവ്രമേഖലകള്‍ കണ്ടെത്തിയാണ് തീരസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ ഒറ്റമശേരിയിൽ പുലിമുട്ട് നിർമ്മാണം രണ്ടു ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ശംഖുംമുഖം, മലപ്പുറം പൊന്നാനി, കോഴിക്കോട് കാപ്പാട്, തൃശൂർ കൊടുങ്ങല്ലൂർ, കൈപ്പമംഗലം, തലശേരി (കണ്ണൂർ), വലിയപറമ്പ (കാസർകോട്) തുടങ്ങിയവയാണ് മറ്റ് തീവ്രമേഖലകള്‍. ഇവിടങ്ങളിൽ ടെണ്ടർ ക്ഷണിക്കൽ ഉൾപ്പെടെയുള്ള പ്രാഥമികഘട്ട നടപടികൾ പുരോഗമിക്കുകയാണ്.

തീരസംരക്ഷണത്തിനായി അഞ്ചു വർഷത്തിനുള്ളിൽ 5300 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്നത്. 65 കിലോമീറ്റർ തീരത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്നു കണ്ടെത്തി നടപടികൾ സ്വീകരിച്ചു വരുന്നു. ചെല്ലാനത്ത് നിർമ്മിക്കുന്ന കടൽഭിത്തിയുടെയും പുലിമുട്ടുകളുടെയും നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെല്ലാനത്തെ കടലേറ്റ ഭീഷണി പൂർണമായും ഇല്ലാതാകും.
ടെട്രാപോഡ് ഉപയോഗിച്ച് കേരളത്തിൽ തന്നെ ആദ്യമായി നിർമ്മിക്കുന്ന കടൽഭിത്തിയാണ് ചെല്ലാനത്തേത്. 344 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമ്മിക്കുന്നതാണ് ചെല്ലാനം പദ്ധതി.
ഇതുവരെ 30,000ത്തിൽ അധികം ടെട്രാപോഡുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യമത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഇവിടെ ടൂറിസം കേന്ദ്രം സ്ഥാപിക്കും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.