22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോയില്‍ അധിക വിലക്കുറവ്:മന്ത്രി ജി ആര്‍ അനില്‍ ; ആനുകൂല്യം നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍

Janayugom Webdesk
കൊച്ചി
October 18, 2025 9:51 pm

നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇതിനനുസൃതമായ മാർക്കറ്റിങ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നു.
നവംബർ ഒന്ന് മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്.
സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും.
ഈ വർഷം ഡിസംബർ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ ആധുനിക ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടുകൾ ആക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. ജയകൃഷ്ണൻ വി എം സപ്ലൈകോയുടെ ഭാവി പരിപാടികൾ അടങ്ങിയ വിഷൻ-31 അവതരിപ്പിച്ചു. സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർമാരായ ജിജി തോംസൺ, എം എസ് ജയ, പി എം അലി അസ്ഗർ പാഷ, ഡോ. സഞ്ജീബ് പട്ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.