20 November 2024, Wednesday
KSFE Galaxy Chits Banner 2

അഡാനി ഓഹരിയില്‍ വീണ്ടും അസാധാരണ കുതിപ്പ്

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
January 19, 2022 10:58 pm

രാജ്യത്തെ സൗര‑കാറ്റാടി ഊര്‍ജ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഡാനി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ വില അസാധാരണമായി കുതിപ്പിലേക്ക്. ചൊവ്വാഴ്ച ഓഹരിവില 52 ആഴ്ചത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് ഉയര്‍ന്നിരുന്നു. കമ്പനി ഷെയറുകളില്‍ പൊടുന്നനെ ഉണ്ടായ കുതിപ്പിന്റെ കാരണം ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ക്കും കണ്ടെത്താനായില്ല. കമ്പനിയുടെ ഒരു ഓഹരിയുടെ വില 1919 രൂപ വരെ ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം മൂന്നു ലക്ഷം കോടി രൂപയും മറികടന്നു.

അഡാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില ഉയര്‍ത്തുന്നതായുള്ള ആരോപണങ്ങളും സംശയങ്ങളും നിലനില്‍ക്കെയാണ് വീണ്ടും വില കുതിക്കുന്നത്. കഴിഞ്ഞ ജൂണില്‍ സെബി ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംശയാസ്പദമായ മൂന്ന് വിദേശനിക്ഷേപങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ അഡാനി ഗ്രൂപ്പിന് 700 കോടി ഡോളറിന്റെ നഷ്ടം നേരിട്ടിരുന്നു.
ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അവന്യൂ സൂപ്പര്‍ മാര്‍ട്ട്, ലാര്‍സണ്‍ ആന്റ് ട്യൂബ്രോ, ഐടിസി, മാരുതി സുസുക്കി, ടൈറ്റാന്‍ എന്നിവയെ മറികടന്നുള്ള കുതിപ്പായിരുന്നു കഴിഞ്ഞ ദിവസം അഡാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിവിലയില്‍ ഉണ്ടായത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ ഉണ്ടായ കുതിപ്പിനു പിന്നാലെ റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തതും ശ്രദ്ധേയമായി.

നിലവില്‍ 4763 മെഗാ വാട്ട് സൗരോര്‍ജ്ജവും 647 മെഗാ വാട്ട് കാറ്റാടി വൈദ്യുതിയുമാണ് കമ്പനിയുടെ ഉല്പാദനം. 2025 ഓടെ 25 ജിഗാ വാട്ട് റിന്യൂവബിള്‍ എനര്‍ജി ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എം ഡി വിനീത് ജയിന്‍ വ്യക്തമാക്കുന്നു. കമ്പനി വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യവസായിയായ ഗൗതം അഡാനിയുടെ കമ്പനി പി എം കെയേഴ്‌സ് ഫണ്ടിലേക്ക് നൂറു കോടി രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നതെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

പുനരുപയോഗ ഊര്‍ജ മേഖലയില്‍ വീണ്ടും കേന്ദ്ര നിക്ഷേപം

ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജ വികസന ഏജന്‍സി ലിമിറ്റഡിന് 1,500 കോടിയുടെ ധനസഹായം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജ വികസന ഏജന്‍സി ലിമിറ്റഡിന് (ഐആര്‍ഇഡിഎ) 1,500 കോടി രൂപയുടെ ധനസഹായം നല്‍കുന്നതിനാണ് അനുമതി നല്‍കിയത്. പുനരുപയോഗ ഊര്‍ജ മേഖലക്ക് ഏകദേശം 12,000 കോടി രൂപ കടം കൊടുക്കുന്നതിന് പുതിയ തീരുമാനം സഹായിക്കും. ഏകദേശം 3500–4000 മെഗാ വാട്ടിന്റെ അധിക ശേഷിക്കായുള്ള പുനരുപയോഗ ഊര്‍ജ്ജ മേഖലയുടെ കടാവശ്യങ്ങള്‍ ഇതിലൂടെ നിറവേറ്റാനാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

ദേശീയ ശുചീകരണ തൊഴിലാളി കമ്മിഷന്റെ കാലാവധി മൂന്നു വര്‍ഷം കൂടി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ, ഭവന, എംഎസ്എംഇ, വാഹന, വ്യക്തിഗതം ഉള്‍പ്പെടെ രണ്ടു കോടി രൂപാ വരെ പരിധിയുള്ള വായ്പകളുടെ ഗുണഭോക്താക്കള്‍ക്ക് കൂട്ടു പലിശയും സാധാരണ പലിശയും തമ്മിലുള്ള ആറുമാസത്തെ അന്തരം പരിഹരിക്കാന്‍ ഇടക്കാലാശ്വാസം നല്‍കാനും മന്ത്രിസഭ അനുമതി നല്‍കി.
eng­lish summary;Extraordinary jump in Adani shares
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.