പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാര്‍ജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ യോഗം പ്രത്യേകമായി വിളിക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും. പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സഹകരിപ്പിക്കും. പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും.
ഭക്ഷണം കൊടുക്കൽ മാത്രമല്ല, ജീവിക്കാനുള്ള വരുമാനവും ഉണ്ടാകുന്നതാണ് ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കൽ എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രയാസമുള്ള ജോലി ചെയ്യാൻ പറ്റാത്തവർ, രോഗം കാരണം ജോലി ചെയ്യാൻ പറ്റാത്തവർ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയാൽ ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകുന്നവർക്ക് അത്തരത്തിൽ സഹായം നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം.
അതിദാരിദ്ര്യ മുക്തമാണോ എന്നതിന്റെ പുരോഗതി പ്രാദേശികമായി വിലയിരുത്താൻ ജനകീയ സമിതി പ്രവർത്തിക്കണം. സഹായ ഉപകരണങ്ങൾ ആവശ്യമായി വരുന്നവർക്ക് വിതരണം ചെയ്യണം. ഇതിനുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി ചെലവഴിക്കണം. വീട് നിർമ്മാണത്തിന് സ്പോൺസർഷിപ്പുകൾ കണ്ടെത്തണം. കെയർഫണ്ട് എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആശയം ഫലപ്രദമായി നടപ്പാക്കണം. മൈക്രോ പ്ലാൻ വഴി എല്ലാ വകുപ്പുകളും ചേർന്ന് പദ്ധതി നടപ്പാക്കണം. ജില്ലകളിൽ കളക്ടർമാർ പദ്ധതി അവലോകനം ചെയ്യണം.
മാലിന്യ മുക്തം നവകേരളം എന്ന ജനകീയ ക്യാമ്പയിൻ ജനങ്ങളെ അണിനിരത്തി നടത്തണം. നാടാകെ സമ്പൂർണ ശുചിത്വം എന്നതാകണം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, ആർ ബിന്ദു, ഒ ആർ കേളു, കോർപറേഷൻ മേയർമാർ, തദ്ദേശ പ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.