
കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നുവരുന്ന അതിതീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടം പ്രതിസന്ധിയിൽ. നഗരപ്രദേശങ്ങളിൽ നിന്നുള്ള എന്യൂമറേഷൻ ഫോമുകളുടെ ശേഖരണം ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.
നഗരപ്രദേശങ്ങളിലെ വോട്ടർമാർ ജോലിയുമായി ബന്ധപ്പെട്ട് പകൽ സമയങ്ങളിൽ വീടുകളിൽ ഇല്ലാത്തത് ബൂത്ത് ലെവൽ ഓഫിസര്‍മാരെ പ്രതിസന്ധിയിലാക്കുന്നു. വലിയ നഗരങ്ങളിൽ ആളുകൾ നിരന്തരം വീട് മാറിപ്പോകുന്നതും കൃത്യമായ വിലാസത്തിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതും തിരിച്ചടിയാകുന്നു.
ലഖ്നൗ, കാൺപൂർ, നോയിഡ തുടങ്ങിയ വൻനഗരങ്ങളിലാണ് ഫോം ശേഖരണം ഏറ്റവും കൂടുതൽ തടസ്സപ്പെട്ടിരിക്കുന്നത്. മുൻപ് ബിഹാറിൽ എസ്ഐആർ നടപ്പിലാക്കിയപ്പോഴും സമാനമായ രീതിയിൽ നഗരങ്ങളിൽ ഫോം ശേഖരണം മന്ദഗതിയിലായിരുന്നു. രണ്ടാം ഘട്ടത്തിൽ കേരളം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
കേരളത്തിൽ കരട് വോട്ടർ പട്ടിക ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 2.54 കോടി വോട്ടർമാരാണ് നിലവിൽ പട്ടികയിലുള്ളത്. എന്നാൽ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത ഏകദേശം 24 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കരട് പട്ടിക പുറത്തിറക്കി. ജനുവരി 22 വരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അവസരമുണ്ട്.
നേരത്തെ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 7‑ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു കമ്മിഷന്റെ തീരുമാനം. എന്നാൽ എന്യൂമറേഷൻ ഫോം ശേഖരണത്തിലെ കാലതാമസവും വോട്ടർമാരെ നേരിൽ കണ്ട് സ്ഥിരീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോയേക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഫോം സമർപ്പിക്കാത്തവർക്കും പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാൻ പ്രത്യേക അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.