23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 28, 2023
November 26, 2023
November 20, 2023
November 11, 2023
August 1, 2023
June 20, 2023
May 21, 2023
March 6, 2023
February 5, 2023

വ്യാജ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കി; താലൂക്ക് ഓഫീസ് ജീവനക്കാരനെതിരെ നടപടി

Janayugom Webdesk
കോഴിക്കോട്
March 6, 2023 9:52 pm

വ്യാജ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ താലൂക്ക് ഓഫീസ് ജീവനക്കാരനെതിരെ നടപടിക്ക് ശുപാര്‍ശ. ഇതുസംബന്ധിച്ച് കോഴിക്കോട് തഹസില്‍ദാര്‍ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോഴിക്കോട് താലൂക്ക് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പുതിയങ്ങാടി മേത്തലകം പറമ്പ് വാദി റഹ്മയില്‍ പി മുഹമ്മദ് നജീബിനെതിരെയാണ് റിപ്പോര്‍ട്ട്. രണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്. ഇതിലെ ഗസറ്റ് നമ്പറും തഹസില്‍ദാരുടെ പേരും കാലയളവുമെല്ലാം തെറ്റായാണ് രേഖപ്പെടുത്തിയത്. നേരത്തെ ഈ ജീവനക്കാരന്‍ മുഖേന നല്‍കിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഇതിന്റെ അസ്സല്‍ ലഭിക്കുവാനായി ഒരാള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് താലൂക്ക് ഓഫീസില്‍ എത്തിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവിരങ്ങള്‍ പുറത്തറിയുന്നത്. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ഗസറ്റ് നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇതിലെ നമ്പര്‍ തന്നെ തെറ്റാണെന്ന് മനസ്സിലായത്. കൂടുതല്‍ പരിശോധനയില്‍ ഇതിലെ തഹസില്‍ദാരുടെ പേരും തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. നേരത്തെ ഇവിടെ ജോലി ചെയ്ത തഹസില്‍ദാരുടെ പേരാണ് രണ്ട് സര്‍ട്ടിഫിക്കറ്റുകളിലുമുണ്ടായിരുന്നത്. എന്നാല്‍ അവരുടെ കാലയളവുകള്‍ മാറിയാണ് രേഖപ്പെടുത്തിയിരുന്നത്. പരിശോധനയില്‍ എല്ലാം വ്യക്തമായതോടെ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കമ്പ്യൂട്ടര്‍ വിദഗ്ധനായ മുഹമ്മദ് നജീബ് സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതെന്നാണ് വ്യക്തമായത്. വ്യജസര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് ആറു വര്‍ഷം മുമ്പും മറ്റൊന്ന് ഒരു വര്‍ഷത്തിന് ഇടയിലുമാണ് നിര്‍മ്മിച്ചു നല്‍കിയത്. സൂപ്പർ ന്യൂമറി തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയ മുഹമ്മദ് നജീബ്. സാധാരണ ഗതിയിൽ നടപടി ക്രമങ്ങൾ പാലിച്ച് മാസങ്ങൾ എടുത്താണ് അപേക്ഷകന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഗസറ്റ് വിജ്ഞാപനവും ഇതിന് ആവശ്യമാണ്. ഇതിനിടയിലാണ് യാതൊരു അപേക്ഷയും നൽകാതെ ഏജന്റുമാർ ആവശ്യപ്പെടുന്ന രീതിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഇയാൾ തന്നെ ഒപ്പിട്ടു നൽകിയത്. ഇതിനു വേണ്ടി ഓഫീസ് സീലും ദുരുപയോഗം ചെയ്തു. നേരത്തെ ഇയാളുടെ പ്രവൃത്തിയിൽ തഹസീൽദാർക്കും ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർക്കും സംശയം തോന്നിയിരുന്നു. കുറച്ചു ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. അതിനിടയിലാണ് കയ്യോടെ ഇയാൾ മേലുദ്യോഗസ്ഥയുടെ പിടിയിലാകുന്നത്. 

വില്ലേജ് ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ നിരവധി ആരോപണങ്ങൾ നേരിട്ടതിനെത്തുടർന്നാണ് താലൂക്ക് ഓഫീസിലെ ജനസമ്പർക്കമില്ലാത്ത സ്ഥലത്ത് ഇദ്ദേഹത്തെ നിയോഗിച്ചത്. എന്നാല്‍ അവിടേയും ഇദ്ദേഹം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം തുടരുകയായിരുന്നു. പലരുടെയും ആവശ്യ പ്രകാരം നിരവധി സർട്ടിഫിക്കറ്റുകൾ ഇയാൾ നൽകിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിനു പിന്നില്‍ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നാണ് നടക്കാവ് പൊലീസ് അന്വേഷിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനു പിന്നില്‍ പ്രവർത്തിച്ച ചില ഏജന്റുമാരെ പറ്റിയും സൂചന ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry; fab­ri­cat­ed and issued false inher­i­tance cer­tifi­cates; Action against taluk office employee

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.