മാധ്യമ മാരണത്തിനായി ഫാക്ട് ചെക്ക് യൂണിറ്റ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. നടപടി ഭരണഘടനയുടെ അനുച്ഛേദം 14, 19 എന്നിവയുടെ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. യൂണിറ്റ് രൂപീകരിക്കാന്‍ 2023ലെ ഐടി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി. ജസ്റ്റിസ് അതുല്‍ എസ് ചന്ദ്രുക്കറിന്റെതാണ് വിധി.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനാണ് കേന്ദ്രം ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധനയ്ക്കായിരുന്നു ഇത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തിലെ ഭരണഘടനാ സാധുത സംബന്ധിച്ച് ബോംബെ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ കേന്ദ്രത്തിന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഐടി ചട്ടങ്ങളുടെ ഭേദഗതി ചോദ്യം ചെയ്ത് സ്റ്റാന്റപ് കോമേഡിയന്‍ കുനാല്‍ കമ്ര അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരായ ജി എസ് പട്ടേല്‍, നീല ഗോഖലെ എന്നിവര്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചിരുന്നത്. ജസ്റ്റിസ് പട്ടേല്‍ ഐടി നിയമ ഭേദഗതി റദ്ദാക്കിയപ്പോള്‍ ജസ്റ്റിസ് ഗോഖലെ ശരിവച്ചു. നിയമങ്ങള്‍ സെന്‍സര്‍ഷിപ്പിന് തുല്യമാണെന്ന് പട്ടേല്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് അതുല്‍ എസ് ചന്ദ്രുക്കറിനെ കേസിലെ മൂന്നാം ജഡ്ജിയായി നിയമിക്കുകയായിരുന്നു.
14-ാം വകുപ്പ് സമത്വത്തിനുള്ള അവകാശവും 19-ാം വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും 19 (1) (ജി) ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവുമാണ് നല്‍കുന്നതെന്നും ഇത് ഐടി ആക്ടിലെ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞെന്നും ജസ്റ്റിസ് ചന്ദ്രുക്കര്‍ വ്യക്തമാക്കി. ഐടി നിയമങ്ങളിലെ വ്യാജം, തെറ്റായത്, തെറ്റിദ്ധരിപ്പിക്കുന്നത് എന്ന പ്രയോഗങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഐടി നിയമ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു, ഇത് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിന് വഴിയൊരുക്കുമെന്നും വാര്‍ത്തകള്‍ വ്യാജമാണോ, അല്ലയോ എന്ന് പരിശോധിക്കുന്നവര്‍ക്ക് ആരാച്ചാരാകാന്‍ അധികാരം നല്‍കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
പുതിയ ബ്രോഡ‍്കാസ്റ്റിങ് സര്‍വീസസ് റെഗുലേഷന്‍ ബില്ലിന്റെ കരട് കൊണ്ടുവന്നത് വലിയ വിവാദമായതോടെ പിന്‍വലിച്ചതിന് പിന്നാലെയാണ് ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.