23 January 2026, Friday

വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി

Janayugom Webdesk
കൊച്ചി
February 6, 2023 10:44 pm

കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിലുള്‍പ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതി(സിഡബ്ല്യുസി)ക്ക് മുന്നിൽ ഹാജരാക്കി. ദത്ത് നിയമപരമല്ലാത്തതിനാലാണ് കുട്ടിയെ എത്രയും വേഗം ഹാജരാക്കണമെന്ന് സിഡബ്ല്യുസി ആവശ്യപ്പെട്ടത്. തുടർന്നാണ് കുട്ടിയെ സിഡബ്ല്യുസിയില്‍ എത്തിച്ചത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്നും സമിതി കണ്ടെത്തിയിരുന്നു. കുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജിൽ തന്നെയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27നാണ് കുട്ടി ജനിച്ചത്. ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾക്കൊപ്പം കുട്ടിയുടെ യഥാർത്ഥ അച്ഛനമ്മമാർ നൽകിയ മേൽവിലാസം തെറ്റാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് ശിശുക്ഷേമ സമിതി തീരുമാനം. 

അതിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ മുനിസിപ്പല്‍ ഓഫീസിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്നയ്ക്കെതിരെ കളമശേരി പൊലീസ് കേസെടുത്തു. വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ രഹ്ന എ എൻ നൽകിയ പരാതിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസം രഹ്ന നൽകിയ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാറാണ് പ്രതി. 

തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിത എ എസും ചേർന്നാണ് കുഞ്ഞിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി കളമശേരി മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ സമീപിച്ചത്. ജനുവരി 31ന് അനൂപ് കുമാർ‑സുനിത ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചെന്ന് കാണിച്ച് ഫെബ്രുവരി ഒന്നിനാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ജനന റിപ്പോർട്ടിൽ ഐപി നമ്പർ 137എ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇരട്ടക്കുട്ടികൾ ജനിക്കുമ്പോഴാണ് എ, ബി എന്ന് രേഖപ്പെടുത്തുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് രഹ്ന പരാതി നൽകിയത്. 

കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു വ്യക്തമാക്കി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജിൽ സംഘം തെളിവെടുപ്പ് നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം വിശദമായ അന്വേഷണം നടത്താനായി വകുപ്പിലെ മൂന്ന് പേരെയാണ് ചുമതലപ്പെടുത്തിയത്. തൃശൂർ മെഡിക്കൽ കോളജിലെ ഡോ. വി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. രവീന്ദ്രൻ, ടി ടി ബെന്നി എന്നിവർക്കാണ് ചുമതല. 

Eng­lish Sum­ma­ry; Fake birth cer­tifi­cate: The baby was pro­duced before the Child Wel­fare Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.