കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയും കനത്ത സാമ്പത്തിക നഷ്ടത്തിന് വഴി വയ്ക്കുകയും ചെയ്ത വ്യാജ ബോംബ് ഭീഷണികള്‍ക്കു പിന്നില്‍ നാഗ്പൂര്‍ സ്വദേശിയെന്ന് മഹാരാഷ്ട്ര പൊലീസ്. 35കാരനായ ജഗദീഷ് ഉയ്കെയാണ് ഭീഷണിക്കുപിന്നിലെന്നാണ് റിപ്പോര്‍ട്ട്. വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും പുറമെ മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാള്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയിരുന്നു. വ്യാജ സന്ദേശം ലഭിച്ച ഇ മെയില്‍ ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പുറത്തുവന്നത്. ഇയാള്‍ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പൊലീസ്.
തീവ്രവാദത്തെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ജഗദീഷ്. 2021ല്‍ മറ്റൊരു കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഡിജിപി ഓഫിസ്, ഹോട്ടലുകള്‍, നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവയ്ക്കും ഇ മെയില്‍ മുഖേന ഇയാള്‍ ഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ജഗദീഷിന്റെ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. 2021ലും പ്രതി സമാനമായ ബോംബ് ഭീഷണികൾ മുഴക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ മാസമാണ് വിമാനങ്ങള്‍ക്കെതിരെ വ്യാപകമായി ബോംബ് ഭീഷണികള്‍ ഉയര്‍ന്നത്. ഇത് അധികാരികളിലും യാത്രക്കാരിലും ഒരുപോലെ പരിഭ്രാന്തി സൃഷ്ടിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും ഇ മെയില്‍ വഴിയുമാണ് വിമാനക്കമ്പനികള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 350ലധികം വിമാനങ്ങൾ വ്യാജ ബോംബ് ഭീഷണികൾ നേരിട്ടിരുന്നു. ആയിരം കോടിയോളം രൂപ ഇതിലൂടെ വിമാനക്കമ്പനികള്‍ക്ക് നഷ്ടമുണ്ടായതാണ് കണക്കുകള്‍. ഇന്ന് 36 എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായി. വിസ്താര, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ ഉള്‍പ്പെടെ 60 വിമാനങ്ങള്‍ക്ക് നേരെ തിങ്കളാഴ്ച ഭീഷണിയുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.