13 December 2025, Saturday

Related news

December 9, 2025
November 21, 2025
November 16, 2025
November 11, 2025
November 6, 2025
November 5, 2025
November 1, 2025
October 18, 2025
October 12, 2025
October 12, 2025

വ്യാജ മതംമാറ്റക്കേസ്; ജയിലിലടച്ച യുവാവിന് നഷ്ടപരിഹാരം നൽകാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
ലഖ്‌നൗ
November 5, 2025 6:43 pm

മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്ന കെട്ടിച്ചമച്ച കേസിൽ യുവാവിനെ ജയിലിലടച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. യുവാവിനെതിരായ എഫ്‌ ഐ ആർ റദ്ദാക്കിയ കോടതി, തുടർനടപടികൾ അവസാനിപ്പിക്കാനും നിർദ്ദേശം നൽകി. പ്രോസിക്യൂഷൻ സ്ഥാപിത താൽപ്പര്യങ്ങൾക്കായി കേസ് തുടരുകയാണെന്നും എന്നാൽ ബി എൻ എസ് എസ് സെക്ഷൻ 140(1) പ്രകാരമോ 2021 ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമോ യുവാവ് കുറ്റമൊന്നും ചെയ്തില്ലെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

പങ്കജ് കുമാർ വർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് ഉബൈദ് എന്നയാൾ അടക്കം നാലുപേർക്കെതിരെ 2025 സെപ്റ്റംബർ 13ന് ബഹ്‌റൈച്ചിലെ മതേര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഭാര്യയെ മതപരിവർത്തന സംഘം വശീകരിച്ചു തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. എന്നാൽ, കേസിൽ അഞ്ചാം കക്ഷിയായി കോടതിയിൽ ഹാജരായ പങ്കജിൻ്റെ ഭാര്യ വന്ദന വർമ്മ, തൻ്റെ ഭർത്താവ് നൽകിയ തെറ്റായ കേസാണിതെന്ന് വ്യക്തമാക്കി. ഭർത്താവിൽ നിന്നുള്ള തുടർച്ചയായ ശാരീരിക പീഡനം കാരണമാണ് താൻ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടുപോയതെന്നും അവർ അറിയിച്ചു. മതപരിവർത്തനം നടന്നുവെന്ന ആരോപണം അവർ നിഷേധിച്ചു. ഭർത്താവിൻ്റെയും ബന്ധുക്കളുടെയും സമ്മർദ്ദം മൂലമാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്നും അവർ ആരോപിച്ചു.
ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് കേസിൽ ഇരയായ യുവതി മൊഴി നൽകിയതോടെയാണ് കേസ് പൂർണമായും തെറ്റാണെന്ന് കോടതി വിധിച്ചത്. ഇതോടെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കപ്പെട്ടു.

ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് ബബിത റാണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് പ്രകാരം, നാലാഴ്ചക്കുള്ളിൽ ഉത്തർപ്രദേശ് സർക്കാർ 75,000 രൂപ നഷ്ടപരിഹാരം നൽകണം. ഇതിൽ 50,000 രൂപ ഒന്നാം നമ്പർ ഹർജിക്കാരനും 25,000 രൂപ ഹൈക്കോടതി ലീഗൽ എയ്ഡ് സർവീസസിൽ അടക്കാനുമാണ് നിർദ്ദേശം. കൂടാതെ, കുറ്റാരോപിതൻ നിരപരാധിയാണെന്ന് ഇര സാക്ഷ്യപ്പെടുത്തിയിട്ടും ആറ് ആഴ്ചയോളം തടവിലിട്ട സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.