
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരാവാതെ മുൻ അധ്യക്ഷൻ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ ഒളിച്ചുകളിക്കുന്നു. ഇന്നലെ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നും അതിനാല്‍ ഹാജരാകില്ലെന്നും ഇന്നലെ രാവിലെ രാഹുല്‍ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. രാഹുല്‍ ഹാജരാകാതിരുന്നതോടെ വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കലുമടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരെയുള്ളത്. കേസിലെ മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിൽനിന്ന് പിടിച്ചെടുത്ത ശബ്ദരേഖയിൽ രാഹുലിന്റെ പേരുമുണ്ട്. ഇതേത്തുടർന്നാണ് വിശദാംശങ്ങള്‍ക്കായി രാഹുലിനെ ചോദ്യം ചെയ്യുന്നത്. പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഹുലിനെയും പ്രതി ചേർക്കും. യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ രഞ്ജു, വികാസ് കൃഷ്ണ, ജെയ്സൺ എന്നിവരും കേസിലെ പ്രതികളാണ്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമ്മിച്ചത്.
അതേസമയം, രാഹുലിനെതിരെ ലൈംഗികാരോപണ പരാതികള്‍ പഴുതുകളില്ലാതെ അന്വേഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ജോര്‍ജ്, ട്രാൻസ്‍ജെൻഡര്‍ അവന്തിക, എഴുത്തുകാരി ഹണി ഭാസ്കരൻ എന്നിവരോട് മൊഴി നല്‍കാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ നോട്ടീസ് നല്‍കും. കേസിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം ഉടൻ യോഗം ചേരും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എൽ ഷാജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സിഐമാരായ സാഗർ, സാജൻ, സൈബർ പൊലീസ് ഇൻസ്പെക്ടർ ബിനോജ് എന്നിവരും സംഘത്തിലുണ്ട്. വനിതാ ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
രാഹുലിനെതിരെ ഡിജിപിക്ക് 13 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനാണ് നീക്കം. ഡിജിറ്റലായും അല്ലാതെയുമുള്ള തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെടും. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകൾ, ഓഡിയോ സന്ദേശങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ നിർണായകമായതിനാലാണ് സൈബർ വിദഗ്ധരെ അന്വേഷണ സംഘത്തിലുള്‍പ്പെടുത്തിയത്. രാഹുൽ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുക്കാനും പൊലീസ് നീക്കം ആരംഭിച്ചു. പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ മൊഴി രേഖപ്പെടുത്തിയശേഷം രാഹുലിനെ ചോദ്യം ചെയ്യാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.