19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 9, 2024
October 9, 2024
September 26, 2024
August 22, 2024
August 19, 2024
May 29, 2024
November 22, 2023
November 1, 2023
October 11, 2023

കേരള ഭാഗ്യക്കുറിക്ക് വെല്ലുവിളിയായി വ്യാജ ലോട്ടറിയും ഓൺലൈൻ വിൽപനയും

ഷാജി ഇടപ്പളളി
കൊച്ചി 
August 19, 2024 1:56 pm

കേരള ഭാഗ്യക്കുറിക്ക് വെല്ലുവിളിയായി ഓൺലൈൻ വ്യാജ ലോട്ടറിയും സെറ്റ് ലോട്ടറി വിൽപ്പനയും സംസ്ഥാനത്ത് തകൃതിയാവുന്നു. വലിയൊരു ലോട്ടറി മാഫിയയാണ് ഇത്തരം തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതുമൂലം ലോട്ടറി വിൽപന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്ന ആയിരക്കണക്കിന് സാധാരണ തൊഴിലാളികളും ഏജന്റുമാരുമാണ് തൊഴിലിൽ നിന്നും വരുമാനം ഇല്ലാതെ സാമ്പത്തിക പ്രയാസം മൂലം ദുരിതമനുഭവിക്കുന്നത്. വ്യാജ ആപ്പുകൾ വഴി കേരള ലോട്ടറിക്ക് സമാനമായ ടിക്കറ്റുകളാണ് ഓൺലൈനിൽ വിറ്റഴിക്കപ്പെടുന്നത്. അതുപോലെ തന്നെയാണ് ടിക്കറ്റിന്റെ അവസാന നാലക്ക നമ്പറുകളിലുള്ള സെറ്റ് ലോട്ടറികൾ വാട്സ് ആപ്പ് വഴി വിൽപനയും പൊടിപൊടിക്കുന്നത്. ടിക്കറ്റിന്റെ പടം പോലും കാണിക്കാതെ നാലക്ക നമ്പർ 24 സെറ്റ് വരെ പേപ്പറിൽ എഴുതി ഇടുന്നത് വളരെ വേഗം ആളുകൾ പണമടച്ച് നമ്പർ സ്വന്തമാക്കുന്നു. നിരവധി പേരാണ് ഇതിനോടകം അടിച്ച നമ്പറിന് പണം ലഭിക്കാതെ കബളിക്കപ്പെട്ടിട്ടുള്ളത്. പണം കൊടുത്ത് വാങ്ങിയ ടിക്കറ്റ് കൈവശമില്ലാത്തതിനാൽ പരാതിപ്പെടാനും കഴിയാത്ത സ്ഥിതിയാണ്.ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കേരള ഭാഗ്യക്കുറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലകളിൽ എസ് പി മാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുമുണ്ട് . പലപ്പോഴും കുറ്റക്കാർ രക്ഷപെടുന്ന പതിവ് ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നാണ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിയുന്നത്. നിയമപരമായ ഇടപെടലും ഇതിൽ നടക്കുന്നുണ്ട്. 

കേരള ഭാഗ്യക്കുറി ഒരു പേപ്പർ ലോട്ടറിയാണ്. അതിനാൽ ഓൺലൈൻ വിൽപന അനധികൃതമാണ് . ഓൺലൈൻ വിൽപന ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘനമായ കച്ചവടമാണ്. കർശനമായ നടപടിയാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. ഓരോ ലോട്ടറിയും അച്ചടിക്കുന്ന ടിക്കറ്റുകൾ ലോട്ടറി ഓഫീസുകൾ വഴി വിറ്റഴിക്കപ്പെടുന്നതിനാൽ ലോട്ടറി വകുപ്പിനെ സംബന്ധിച്ചിടത്തോളം നഷ്ടമില്ലെന്ന കണക്കാണ് ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തുന്നത്. എന്നാൽ നികുതി അടക്കാതെയും ടിക്കറ്റ് എടക്കുന്നവരെ കബളിപ്പിക്കുകയും നിലവിലുള്ള കേന്ദ്ര, സംസ്ഥാന പേപ്പർ ലോട്ടറി നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ടവർ അമാന്തം കാണിക്കരുത്. നിയമത്തിന്റെ പോരായ്‌മകൾ പല സന്ദർഭങ്ങളിലായി ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും ഏജന്റുമാരും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആവശ്യമായ നിയമഭേദഗതി ഇതുവരെ ഉണ്ടായിട്ടില്ല. കേരള ലോട്ടറിക്ക് സമ്മാനം കുറവാണ് എന്ന പ്രചാരണവും വ്യാപകമാണ്. ഇതേക്കുറിച്ച് പഠിച്ച് സമ്മാനഘടനയുടെ പരിഷ്‌കരണം നടത്താൻ വകുപ്പ് തയ്യാറാകണമെന്നാണ് ലോട്ടറി തൊഴിലാളികളും പതിവായി ലോട്ടറി എടുക്കുന്നവരും അഭിപ്രായപ്പെടുന്നത്.

ലോട്ടറിയുടെ അവസാന നാലക്ക നമ്പറുകളുടെ 100 സെറ്റ് വരെ ലോട്ടറി കടകളിൽ ലഭ്യമാണ്. കൂടുതൽ ടിക്കറ്റു എടുക്കുന്നവർ ഇഷ്ട നമ്പറുകൾ തേടി ഇത്തരം കടകളെ ആശ്രയിക്കുന്ന സ്ഥിതിയും നിലവിലുണ്ട്. ഇത് ലോട്ടറി ചെറുകിട വിൽപ്പനക്കാരെയും തൊഴിലാളികളെയും ഏറെ പ്രതിസന്ധിയിലാക്കുന്നു. കൂടുതൽ സെറ്റ് ലോട്ടറികൾ വിൽക്കുന്നത് കുറ്റകരമായിട്ടും വ്യാപകമായി ഇതും നടക്കുന്നുണ്ട്..കേരള ലോട്ടറിയെ തകർക്കുന്ന വ്യാജ ലോട്ടറി മാഫിയയെ കണ്ടെത്തണമെന്നും നിയമപരമല്ലാത്ത കച്ചവടത്തിനെതിരെ കർശന നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ( എഐടിയുസി ) ജനറൽ സെക്രട്ടറി വി ബാലൻ പറഞ്ഞു. തുടക്കം മുതൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഇടങ്ങളിൽ യൂണിയൻ ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.