മഹാരാഷ്ട്രയിലെ ഗോറായില്‍ ബീഹാര്‍ സ്വദേശിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ രഘുനന്ദന്‍ പാസ്വാന്‍ (21) എന്നയാളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു. ബാഗില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഷെഫാലി ഗ്രാമത്തിലെ താമസക്കാരാണ് രഘുനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ബാഗ് തുറന്നപ്പോള്‍ മൃതദേഹം കഷണങ്ങളാക്കി നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
അന്യമതക്കാരിയുമായി ഉണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റൊരു മതത്തില്‍പ്പെട്ട പതിനേഴുകാരിയുമായി യുവാവിന് പ്രണയബമുണ്ടായിരുന്നു. തുടര്‍ന്ന് സഹോദരന്‍മാരില്‍ ഒരാളോടൊപ്പം യുവതിയെ മുംബൈയിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
പിന്നീട് ഒക്ടോബര്‍ 31ന് സുഹൃത്തുക്കള്‍ക്കൊപ്പം മുംബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു. ശേഷം വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഭയന്ദറിലാണ് കൊലപാതകം നടന്നത്. അവിടെ നിന്നും ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന മൃതദേഹം പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ ഗോറായില്‍ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ വലതു കൈയിലെ ‘RA’ എന്ന് എഴുതിയ ടാറ്റൂവില്‍ നിന്നാണ് മൃതദേഹം തന്റെ മകന്റേതാണെന്ന് യുവാവിന്റെ പിതാവ് ജിതേന്ദ്ര പാസ്വാന്‍ തിരിച്ചറിഞ്ഞത്. രഘുനന്ദനുമായി ബന്ധമുണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയുടെ പേര് എ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും ജിതേന്ദ്ര പറഞ്ഞു.
പൂനെയില്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രഘുനന്ദന്‍ അടുത്തിടെ ദീപാവലി അവധിക്ക് നാട്ടിലെത്തിയിരുന്നു. മുമ്പ് ബീഹാറിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മരുന്ന് വാങ്ങാന്‍ സഹായിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. ബന്ധത്തെക്കുറിച്ച് വീട്ടുകാര് അറിഞ്ഞതോടെ ജ്യേഷ്ഠന്‍ രഘുനന്ദനെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.