മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കെഎസ്എഫ്ഇക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പണം അനുവദിച്ചുവെന്ന് വ്യാജപ്രചരണം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വലിയ രീതിയില്‍ പ്രചരണം നടക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാൻ കെഎസ്എഫ്ഇക്ക് നൽകിയ തുകയാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യാകിരണം പദ്ധതിയും സംയോജിപ്പിച്ച് സർക്കാർ 81.43 കോടി രൂപയാണ് കെഎസ്എഫ്ഇക്ക് നൽകിയത്. ഇതുവഴി ആകെ 47,673 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയിൽ വലിയ കുപ്രചരണമാണ് ചിലരെങ്കിലും നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിതു വരെ സാക്ഷ്യം വഹിച്ചതിൽ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീർത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവർ യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ.
ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.
റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷൻ നിർവഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നർത്ഥം. ഈ അക്കൗണ്ടുകൾ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമേ സാധിക്കുകയുള്ളൂ.
കളക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യു മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം.
ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സിഎജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറൽ ഓഫിസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ 2016 ഏപ്രിൽ ഒന്ന് മുതൽ 2019 ഓഗസ്റ്റ് 31 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി, ഒരു ക്രമക്കേടുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോർട്ട് നൽകിയതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭക്ക് അധികാരവുമുണ്ട്.
ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. അനേകം പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചവരാണ് നാം. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary: False propaganda against Chief Minister’s relief fund
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.