14 February 2026, Saturday

Related news

February 14, 2026
February 8, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
January 8, 2026
December 2, 2025
November 11, 2025
September 23, 2025

ആഗോള അയ്യപ്പ സംഗമത്തിനെതിരെ നടക്കുന്നത് വ്യാജപ്രചരണം; നന്ദഗോവിന്ദം ഭജന്‍സിന് തുക കൈമാറിയിട്ടില്ല

മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശം റിപ്പോര്‍ട്ടില്‍ ഇല്ല

സ്വന്തം ലേഖിക
തിരുവനന്തപുരം
February 14, 2026 6:21 pm

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മിഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ പറയാത്ത കാര്യങ്ങള്‍. മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മിഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ ഇല്ല. ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായി ചെലവഴിച്ച തുകയാണ് മുഖ്യമന്ത്രിയ്ക്ക് കട്ടില്‍ വാങ്ങാനായി ഉപയോഗിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിപ്പിച്ചത്. പരിപാടി കഴിഞ്ഞതിനുശേഷം അംഗീകരിക്കാവുന്ന ചെലവുകൾ സംബന്ധിച്ച് 2025 നവംബര്‍ നാലിന് ദേവസ്വം കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യൽ കമ്മിഷണർക്ക് നൽകിയിരുന്നു. അതിലെ പാര്‍ട്ട് കെ എന്ന തലക്കെട്ടിൽ “ഫര്‍ണിച്ചര്‍ ആന്റ് മിസലനീയസ് ഐറ്റംസ് ഫോര്‍ എക്സൈറ്റിസ് ഓഫിസ് കോംപ്ലക്സ് ആന്റ് ഗസ്റ്റ് ഹൗസ് ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയിരുന്നു. 

ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടിൽ വാങ്ങിയെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. ഇങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാൻ ദേവിനെ സമീപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് ചെലവായത്. നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. 

സംഗമം അവസാനിച്ച ദിവസം കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തുവെന്ന ആരോപണവും സത്യവിരുദ്ധമാണ്. രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിവയായി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഭക്ഷണം നൽകിയതോടൊപ്പം, അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തിൽ നടക്കുന്ന സംഗമമായതിനാൽ ഭക്ഷണത്തിൽ യാതൊരു വിവേചനവും ഉണ്ടാകരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ, ദിവസവേതന തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങ്ങി പമ്പയിലെ ഭക്ഷണശാലയിൽ എത്തിയ എല്ലാവർക്കും ഭക്ഷണം നൽകി. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ട് കൂടുതൽ വിശദപരിശോധനയ്ക്കുമുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. ഈ മാസം 17ന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.