വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ സ്കൂൾ അധികൃതർ തീവ്രവാദിയാക്കി ചിത്രീകരിച്ചുവെന്ന് വ്യാജപ്രചരണം. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ ചോദ്യത്തിന്റെ സന്ദർഭം അടർത്തിമാറ്റിയാണ് ചില സംഘടനകൾ കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിനെതിരെ സമൂഹമാധ്യമങ്ങളിൽ കുപ്രചരണം ആരംഭിച്ചത്.
ബഷീർ ദിനത്തിൽ സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ ചോദ്യമാണ് സംഘടനകൾ വിവാദമാക്കാന്‍ ശ്രമിക്കുന്നത്. ബഷീർ, തീവ്രവാദ സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തിൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് എന്നായിരുന്നു ചോദ്യം. ‘ഉജ്ജീവന’ത്തിന്റെ പ്രസാധകൻ പി എ സൈനുദ്ദീൻ നൈനയുടെ മകനും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയും ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഇത് ഉപയോഗപ്പെടുത്തിയതാണ് ചില സമുദായ സംഘടനകൾ സ്കൂളിനും ക്വിസ് മത്സരം നടത്തിയ അധ്യാപകനുമെതിരെ പ്രചരണം ആരംഭിച്ചത്.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് താനൊരു തീവ്രവാദിയായിരുന്നുവെന്ന് ബഷീർ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഭഗത് സിങ്ങിനെയും ചന്ദ്രശേഖര്‍ ആസാദിനെയും പോലെയുള്ള തീവ്ര ആശയക്കാരോടായിരുന്നു അക്കാലത്ത് ബഷീറിന് മമത. ബഷീറിന്റെ എല്ലാ ജീവചരിത്രക്കുറിപ്പുകളിലും സ്വാതന്ത്ര്യസമരകാലത്തെ പ്രവര്‍ത്തനങ്ങളും യാത്രകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സാംസ്കാരിക പ്രവർത്തകൻ എ പി അഹമ്മദ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹം ജയിലിലായി. പിന്നീട് ഭഗത് സിങ് മാതൃകയിൽ തീവ്രവാദസംഘമുണ്ടാക്കി.
തീവ്രവാദ സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തിൽ എഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ബഷീറിന്റെ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീട് ഭരണകൂടം കണ്ടുകെട്ടി. ബഷീറിന്റെ സമ്പൂർണ കൃതികളിൽ നൽകിയ ഹ്രസ്വ ജീവചരിത്രത്തിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലഘട്ടത്തെ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്താനുള്ള ചോദ്യത്തെയാണ് ചില വര്‍ഗീയസംഘടനകൾ വഴിതിരിച്ചുവിടുന്നത്.
സ്വാതന്ത്ര്യത്തിന് വേണ്ടി ഭീകരപ്രസ്ഥാനം പോലും ശരിയാണെന്ന് കരുതിയ ഒരു കാലഘട്ടം ബഷീറിന്റെയും നൈനയുടെയും ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അവരുടെ ദേശാഭിമാനത്തിന്റെ തിളക്കം കൂടുന്നതേയുള്ളുവെന്ന് സാംസ്കാരിക പ്രവർത്തകര്‍ വ്യക്തമാക്കുന്നു. തീവ്രവാദം എന്നു കേട്ടാൽ മതതീവ്രവാദമാണെന്ന് ധരിക്കുകയും അതിന് മറപിടിക്കാൻ ഇരവാദം ഉയർത്തുകയും ചെയ്യുന്നവർ പുതിയകാലത്തിന്റെ രോഗാണുക്കൾ ബഷീറിൽ കുത്തിവയ്ക്കാൻ ശ്രമിക്കരുതെന്നും സാംസ്കാരിക ലോകത്തുനിന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
English Summary: False Propaganda that Vaikom portrayed Mohammad Bashir as a terrorist: Targeted religious hatred
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.