എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി.അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നിലപാട് കൈകൊണ്ടിരിക്കുന്നത് .
അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ എിജിപി എംആര്‍അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എഡിജിപി പി വിജയന്‍ പരാതി നല്‍കിയിരുന്നത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ് പി സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാര്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പൊലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു. തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ നന്മ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.