19 December 2024, Thursday
KSFE Galaxy Chits Banner 2

ഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു; ഉപഭോക്താക്കള്‍ ശ്രദ്ധിച്ച് വാങ്ങണമെന്ന് ഖാദിബോര്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
February 20, 2022 2:59 pm

ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാർത്ഥ മൂല്യം സംരക്ഷിക്കാതെയാണ് ഇവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 160 കോടി രൂപയുടെ ഖാദി വിൽപനയാണ് കേരളത്തിൽ നടന്നത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിയത് 68 കോടി രൂപയുടേത് മാത്രമാണെന്ന് പി. ജയരാജൻ പറഞ്ഞു.

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മുംബയിൽ ഖാദി തുണിത്തരങ്ങൾ വിറ്റഴിക്കുന്നതിൽ പേരു കേട്ട സ്ഥാപനമായ ഖാദി എംപോറിയത്തിന് വ്യാജ ഖാദി ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശീയരംഗത്തെ നേതാക്കൾ വരെ ഖാദി തുണിത്തരങ്ങൾ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇതേ സ്ഥിതി കേരളത്തിലുമുണ്ട്. ഉപഭോക്താക്കൾ അംഗീകൃത ഖാദി സ്ഥാപനങ്ങളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുകയെന്നന്നതാണ് വ്യാജ ഖാദി കേരള വിപണിയിൽ എത്തുന്നത് തടയാനുള്ള ഒരു മാർഗം. കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. എല്ലാ മേഖലയിലുമെന്നതുപോലെ കോവിഡും ഇതിന് കാരണമാണ്. ഈ മേഖലയ്ക്ക് കൈത്താങ്ങായി സർക്കാർ ശ്ളാഘനീയമായ പ്രവർത്തനമാണ് നടത്തുന്നത്. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്‌കീമിലെ കുടിശിക നൽകാനായി പത്തു കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകും. തൊഴിലാളികൾക്കുള്ള ഉത്പാദന ഇൻസെന്റീവ് അടുത്ത ആഴ്ച നൽകും. സർക്കാർ ജീവനക്കാരും അധ്യാപകരുമെല്ലാം ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതും ഈ വ്യവസായത്തിന് ഒരു സഹായമാണ്.

ഖാദി മേഖലയ്ക്ക് ഉണർവേകാനുള്ള നടപടികൾ ബോർഡ് കൈക്കൊള്ളുന്നുണ്ട്. പുതിയ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ പുതിയ ഡിസൈനിലുള്ള ഉത്പന്നങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ ഇവ വിപണിയിലെത്തും. രണ്ടു വയസിന് മുകളിൽ പ്രായമുളള കുട്ടികളുടെ വസ്ത്രം, വിവാഹ വസ്ത്രങ്ങൾ, സാരി എന്നിവയിലെല്ലാം പുതിയ ഡിസൈനെത്തും. കേരളത്തിൽ മനില തുണിക്ക് വലിയ ഡിമാന്റ് ഉണ്ടാകുന്നുണ്ടെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി ബോർഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇവിടത്തെ വിദഗ്ധർ ഖാദി ഉത്പാദന കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയ ഷോറൂം ആരംഭിക്കുമെന്നും ഓൺലൈൻ വിൽപനയിലേക്ക് ഉടൻ കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ പുതിയതായി 20,000 തൊഴിലവസരം സൃഷ്ടിക്കാനാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നത്. പാലക്കാട് ജില്ലയിൽ സോളാർ വൈദ്യുതി ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ച് ഖാദി ഉത്പാദിപ്പിക്കുന്ന പൈലറ്റ് പ്രോജക്ട് ഉടൻ ആരംഭിക്കും.

Eng­lish Sum­ma­ry: False­hood comes under the label of kha­di; Kha­di Board urges con­sumers to buy carefully

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.