
ദൃഢമായ ബന്ധങ്ങളെയും അവയുടെ മൂല്യത്തെ പറ്റിയും കുട്ടികൾക്ക് തിരിച്ചറിവുണ്ടാകേണ്ടത് അവരവരുടെ കുടുംബങ്ങളിൽ നിന്നാണെന്ന് സംവിധായകൻ വിനയൻ. കുരുന്നുകളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കേണ്ടത് മാതാപിതാക്കളായിരിക്കണം. പുതുതലമുറയെ ബന്ധങ്ങളുടെയും ദൃഢതയും ആഴവും തിരിച്ചറിഞ്ഞ് വളർത്തിയെടുത്താൽ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജനയുഗം സഹപാഠി-എകെഎസ്ടിയു സംസ്ഥാനതല അറിവുൽസവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ഇടപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിൽ കൂടുതൽ വായനാശീലം വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ മക്കളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് പരിശീലിപ്പിച്ച് മികവുള്ളവരാക്കി മാറ്റണം. ആധുനിക കാലഘട്ടത്തിൽ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ സമൂഹം മറന്ന് പോയിക്കൊണ്ടിരിക്കുകയാണ്. അവരെ സ്നേഹിക്കാൻ പഠിപ്പിക്കണം,ആ സ്നേഹം പങ്കുവയ്ക്കലിന്റേതാകണം. അതിന് മുൻകയ്യെടുക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഒരു കുട്ടിയുടെ ആദ്യ പഠന കളരിയാകണം അവന്റെ കുടുംബം. തെറ്റും ശരിയും വിവേചിച്ചറിയാൻ അറിവ് കൂടിയേ തീരൂവെന്നും അദ്ദേഹം കൂട്ടിചേർത്തു.
സമാപന സമ്മേളനത്തിൽ ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷനായിരുന്നു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, അസി.സെക്രട്ടറി എം എം ജോർജ്, എകെഎസ്ടിയു അക്കാദമിക് കൗൺസിലിന്റെ കൺവീനർ കെ ബിനീത്,സഹപാഠി കോർഡിനേറ്റർ ആർ ശരത് ചന്ദ്രൻ നായർ, അറിവുത്സവം കോ-ഓർഡിനേറ്റർ ബിനു പട്ടേരി, ജനയുഗം യൂണിറ്റ് മാനേജർ ജി മോട്ടിലാൽ, റീജിയണൽ എഡിറ്റർ ജി ബാബുരാജ്, എകെഎസ്ടിയു പ്രസിഡന്റ് കെ കെ സുധാകരൻ,ഇടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ ശങ്കരനാരായണൻ, സിബി അഗസ്റ്റിൻ , മേരി മാത്യു, ബീന കോമളൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതവും ജനറൽ കൺവീനർ എൻ സി ഹോച്ചിമിൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.