22 December 2024, Sunday
KSFE Galaxy Chits Banner 2

പട്ടിണിയും മനുഷ്യാവകാശ ലംഘനവും

സജി ജോണ്‍
October 16, 2024 4:45 am

ലോക ഭക്ഷ്യദിനാചരണത്തിന് മുന്നോടിയായി അന്താരാഷ്ട്ര തലത്തിൽ എല്ലാ വർഷവും പ്രസിദ്ധീകരിച്ചു വരുന്ന റിപ്പോർട്ടാണ് ‘ആഗോള വിശപ്പ് സൂചിക’ അഥവാ ‘ഗ്ലോബൽ ഹങ്കർ ഇൻഡക്സ്’. അയർലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “കൺസേൺ വേൾഡ് വൈഡ്”, ജർമ്മനിയിൽ പ്രവർത്തിക്കുന്ന “വെൽറ്റ്ഹുങ്ങർഹിൽഫെ” എന്നീ ഏജൻസികൾ സംയുക്തമായാണ് ‘ആഗോള വിശപ്പ് സൂചിക’യുടെ പ്രസിദ്ധീകരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 2030ലെ സുസ്ഥിര വികസന ലക്ഷ്യമായ “വിശപ്പുരഹിത ലോകം” കൈവരിക്കുന്നതിൽ ലോകരാജ്യങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് നിരീക്ഷിക്കുന്നത് പ്രധാനമായും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. 2024 ഒക്ടോബർ 10ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. അതിലേറ്റവും സന്തോഷിക്കുന്നത് ഭാരത സർക്കാർ തന്നെയായിരിക്കും. കാരണം, മുൻ വർഷങ്ങളിലെല്ലാം ഈ റിപ്പോർട്ടിനെ കേന്ദ്രസർക്കാരിന് തള്ളിക്കളയേണ്ടി വന്നിരുന്നു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ഒരു രാജ്യമായി ഇന്ത്യയെ ഉയർത്തിക്കാട്ടുന്നതിലാണ് ഈ റിപ്പോർട്ടിനോടുള്ള കേന്ദ്രസർക്കാരിന്റെ എതിർപ്പ്. ആഗോള വിശപ്പു സൂചികയിൽ “ഗൗരവതരമായ” പട്ടിണി / വിശപ്പ് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഈ വർഷവും ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. സൂചികയിലുൾപ്പെട്ട 127 രാജ്യങ്ങളിൽ, നാമമാത്രമായ രാജ്യങ്ങളെ മാത്രം പിന്നിൽ അവശേഷിപ്പിച്ച ഇന്ത്യയുടെ സ്ഥാനം, 105ആണ്.

അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളെ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളതും ഓർക്കേണ്ടതുണ്ട്. ലഭ്യമായ ഭക്ഷണത്തിന്റെ കലോറി മൂല്യം, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ് (ഉയരത്തിന്ആനുപാതികമായ ഭാരം), ശിശുമരണ നിരക്ക് എന്നീ നാലു സൂചകങ്ങളെ പൂജ്യം മുതൽ 100 വരെ നീളുന്ന സ്കെയിലിൽ രേഖപ്പെടുത്തിയാണ് ആഗോള വിശപ്പു സൂചിക നിർണയിക്കുന്നത്. സൂചകങ്ങളുടെ തീവ്രത അനുസരിച്ച്, അതീവ ഗുരുതരം (സ്കോർ 50 മുതൽ 100 വരെ), ഗുരുതരം (35–50), ഗൗരവതരം (20–35), മധ്യമം (10–20), കുറവ് (10 ൽ താഴെ) എന്ന ക്രമത്തിലാണ് അടയാളപ്പെടുത്തുന്നത്. ശരാശരി സ്കോർ 27.3 മാത്രം ലഭിച്ച ഇന്ത്യയുടെ സ്ഥാനം, സൂചികയിൽ അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെക്കാൾ പിന്നിലാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യക്ക് പുറകിലാണെന്നതു മാത്രമാണ് ആശ്വാസമായിട്ടുള്ളത്. ദരിദ്രരാഷ്ട്രങ്ങളുടെപോലും പിന്നിലായി ആഗോള വിശപ്പ് സൂചികയിൽ ഇടം പിടിക്കേണ്ടി വരുന്നതാണ് സർക്കാരിനെ അലോസരപ്പെടുത്തുന്നത്. ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യവുമാർന്ന ഒരു രാജ്യത്ത്, ഏകീകൃത കലോറി മൂല്യത്തിന്റെയും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സൂചകങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ പട്ടിണിയുടെ തോത് നിർണയിക്കുന്നതിൽ പരിമിതികളുണ്ടെങ്കിലും; ആഗോള സമൂഹം അംഗീകരിക്കുന്ന ഒരു റിപ്പോർട്ടിനെ ഏകപക്ഷീയമായി നിരാകരിക്കുക എളുപ്പമല്ല.

മാത്രവുമല്ല, ഐക്യരാഷ്ട്രസഭ സഭയ്ക്കു കീഴിലുള്ള ഭക്ഷ്യ‑കാർഷിക സംഘടന, ലോകാരോഗ്യ സംഘടന, യൂണിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, കാർഷിക വികസനത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട് എന്നിവ സംയുക്തമായി 2022 ജൂലൈയിൽ പ്രസിദ്ധീകരിച്ച “ആഗോള ഭക്ഷ്യ സുരക്ഷിതത്വവും പോഷണവും” സംബന്ധിച്ച റിപ്പോർട്ട് പ്രകാരവും, 16.3 ശതമാനം ഇന്ത്യക്കാർ പോഷകക്കുറവ് നേരിടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, 174 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ‘ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സ്’ റിപ്പോർട്ടിലും ഇന്ത്യയുടെ സ്ഥാനം 116 മാത്രമാണ്. ഈ പൊതുസ്ഥിതി തന്നെയാണ്, 2019–21ലെ നമ്മുടെ ദേശീയ കുടുംബാരോഗ്യ സർവേയും വ്യക്തമാക്കുന്നത്. 1948ലെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെ; അതിജീവനം, സ്വാതന്ത്ര്യം, ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള മനുഷ്യന്റെ അവകാശം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും; പിന്നീടുണ്ടായ ഉടമ്പടികളിലൂടെ അത് രാഷ്ട്രങ്ങളുടെ നിയമപരമായ ബാധ്യതയായി മാറുകയും ചെയ്തിട്ടുണ്ട്. ഭക്ഷണ വൈവിധ്യം, ഭക്ഷണം സ്വായത്തമാക്കുന്നതിനുള്ള പ്രാപ്തി, നിയന്ത്രണങ്ങളില്ലാത്ത ഭക്ഷ്യലഭ്യത, പോഷക സുരക്ഷ, സാമ്പത്തിക—സാമൂഹ്യ‑സാംസ്കാരിക അവകാശങ്ങൾക്കു വേണ്ടിയുള്ള 1976ലെ അന്താരാഷ്ട്ര ഉടമ്പടി, 160 ലോകരാഷ്ട്രങ്ങൾ ഇതിനകം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും പട്ടിണിയിൽ നിന്നുള്ള വിടുതലും ഓരോ പൗരന്റെയും മൗലികാവകാശമായാണ് ഈ ഉടമ്പടിയിൽ (ആർട്ടിക്കിൾ 11) വിവക്ഷിച്ചിട്ടുള്ളത്. ഭക്ഷണത്തിനുള്ള അവകാശം, ആർഷഭാരത സംസ്കാരത്തിലും വേരുറച്ച ആശയം തന്നെയാണ്.

വെള്ളത്തിനും ഭക്ഷണത്തിനുമുള്ള അവകാശം ഏവർക്കും തുല്യമാണെന്ന് അഥർവ വേദത്തിൽത്തന്നെ സൂചിപ്പിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ നിർദേശക തത്വങ്ങൾ നിയമപരമായി സ്ഥാപിച്ചെടുക്കുവാൻ കഴിയില്ലെങ്കിലും, പട്ടിണിയിൽ നിന്നുള്ള വിടുതൽ പൗരന്റെ മൗലികാവകാശം തന്നെയാണെന്ന് നിരവധി വിധിപ്രഖ്യാപനങ്ങളിലൂടെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പട്ടിണിയിൽ നിന്നുള്ള വിടുതൽ, ജീവിക്കുവാനുള്ള അവകാശം പോലെ പ്രധാനമാണെന്ന്, ചരിത്ര പ്രസിദ്ധമായ ‘കേശവാനന്ദഭാരതി — കേരള സർക്കാർ’ കേസിലെ (1973) വിധിയിലൂടെ പ്രസ്താവിച്ചതാണ് ഇതിന്റെ തുടക്കം. പട്ടിണിയിൽ മനുഷ്യർ മരണപ്പെടുന്നത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന, ‘കിഷൻ പട് നായിക് — ഒറീസാ സ്റ്റേറ്റ്’ ഹർജിയിലുള്ള വിധിയിലും, പട്ടിണി ഉന്മൂലനം ചെയ്യേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിന്നീട്, “പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ്” എന്ന മനുഷ്യാവകാശ സംഘടന, സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലുണ്ടായ വിധിന്യായം (2001), വ്യക്തവും സ്പഷ്ടവുമായിരുന്നു. പട്ടിണികൊണ്ടും പോഷകക്കുറവുകൊണ്ടും ആരുടേയും ജീവൻ ഹനിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കടമയാണെന്ന്, 2001ലെ സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഡിഎസ്) സംബന്ധിച്ച പരാതിയിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘ജീവിക്കുവാനുള്ള അവകാശം’ എന്ന മൗലികാവകാശത്തെ പുരോഗനാത്മകമായി വിലയിരുത്തിയുള്ള സുപ്രീം കോടതിയുടെ വിധിയെഴുത്തുകളെല്ലാം വ്യക്തമാക്കുന്നത്, രാജ്യത്തെ ഓരോ പൗരനും ഭക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനപരമായ ബാധ്യത തന്നെയാണ് എന്നതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21, 39, 47 എന്നിവ ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശവും സർക്കാരിന്റെ ഇക്കാര്യത്തിലുള്ള ബാധ്യതയുമാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മിഷനും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടിണിയിൽ നിന്നുള്ള വിടുതൽ, പൗരന്റെ മൗലികാവകാശമായി പൂർണതോതിൽ അംഗീകരിക്കുന്ന കാഴ്ചപ്പാട് മാറി മാറി വന്നിട്ടുള്ള കേന്ദ്രസർക്കാരുകൾ നാളിതുവരെ സ്വീകരിച്ചിട്ടില്ല. എങ്കിലും 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷിതത്വ നിയമം ഒരു നാഴികക്കല്ലായിരുന്നു എന്നതിൽ സംശയമില്ല. വിവിധ പദ്ധതികളിലൂടെ ഇന്ത്യൻ ജനസംഖ്യയിൽ ഏതാണ്ട് മൂന്നിൽ രണ്ടുപേർക്കും (ഗ്രാമ മേഖലയിൽ 75; നഗര മേഖലയിൽ 50 ശതമാനം വീതം) ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. കേന്ദ്ര ഭക്ഷ്യ‑പൊതു വിതരണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആകെ അർഹരായ 81.35 കോടി ജനങ്ങളിൽ 80. 6 കോടി ജനങ്ങൾക്കും (99 ശതമാനം) ഭക്ഷ്യ സബ്സിഡി ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാലിത്, 2011ലെ സെൻസസ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കണക്കുകൾ മാത്രമാണ്. ഇപ്പോഴത്തെ ജനസംഖ്യയുടെ അനുമാന കണക്കുകൾ പ്രകാരം, ഭക്ഷ്യസബ്സിഡി ലഭിക്കുന്നവർ അർഹരായവരുടെ 87 ശതമാനം മാത്രമാണ്. ഭക്ഷ്യ സബ്സിസി എന്നതിലുപരി, സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണവും പട്ടിണിയിൽ നിന്നുള്ള വിടുതലും എല്ലാവർക്കും പ്രാപ്യമാകേണ്ടതുണ്ട്. എന്നാൽ ഭക്ഷ്യസബ്സിഡിക്കുള്ള സാമ്പത്തിക ബാധ്യത പോലും പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ തുടർച്ചയായി കൈക്കൊണ്ടുവരുന്നത്. 2022–23 വർഷം ഭക്ഷ്യസബ്സിഡിക്കുവേണ്ടി കേന്ദ്രസർക്കാർ ചെലവഴിച്ചത് 2,72,802 കോടി രൂപയായിരുന്നു. 2023–24 ബജറ്റിൽ ഇത് 2,12,332 കോടിയായി വെട്ടിച്ചുരുക്കി. ഈ വർഷത്തെ ബജറ്റിൽ വീണ്ടും 2,05,250 കൂടിയായി കുറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഭക്ഷ്യസബ്സിഡിക്കുള്ള വിഹിതത്തിൽ ഏതാണ്ട് 25 ശതമാനത്തിന്റെ കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്. “ആഹാരത്തിനായുള്ള അവകാശം: അതിജീവനത്തിനും നല്ലൊരു ഭാവിക്കുമായി” എന്നതാണ് 2024 ഒക്ടോബർ 16ലെ ലോക ഭക്ഷ്യദിനാചരണത്തിനായി പ്രതിപാദിക്കപ്പെട്ടിട്ടുള്ള പ്രമേയം. ആഗോള ജനതയിൽ 73.3 കോടി ജനങ്ങളാണ് കടുത്ത പട്ടിണി നേരിടുന്നത്. ഒപ്പം, 280 കോടിയോളം ജനങ്ങൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാകുന്നുമില്ല. ഭക്ഷണമെന്നത് മനുഷ്യന്റെ അവകാശം മാത്രമല്ല; അതിജീവനത്തിന്റെ അടിസ്ഥാന ഘടകം കൂടിയാണ്. ദേശീയ ഭക്ഷ്യസുരക്ഷിതത്വ നിയമം നടപ്പിലാക്കി ഒരു ദശാബ്ദത്തിനിപ്പുറവും ഇന്ത്യയിൽ 19 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നുവെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.