7 March 2026, Saturday

ആലിൻ ഷെറിന് ഇന്ന് വിട

കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം 
Janayugom Webdesk
തിരുവനന്തപുരം
February 15, 2026 8:09 am

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സര്‍ക്കാരിന്റെ ആദരം. ഇന്ന് വൈകിട്ട് മൂന്നിന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതി അര്‍പ്പിക്കും. മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ പുഷ്പചക്രം അര്‍പ്പിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതി നല്‍കും. ആലിന്റെ വിയോഗത്തിൽ സർക്കാർ അഗാധ ദുഃഖം രേഖപ്പെടുത്തി.
അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നില്‍ വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. അവരുടെയും ഈ നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആലിനെ നമ്മുടെ നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ടുവരാൻ തിരുമാനിച്ചു. അത് ഏറ്റവും വേഗത്തിൽ എത്തിക്കാൻ യാത്ര സുഗമമാക്കിയ പൊലീസിനേയും സഹകരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളതുകൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും വെള്ളിയാഴ്ച ഒരുക്കിയിരുന്നു.
ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ രണ്ട് കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.