20 May 2024, Monday

ജനകീയ ഡോക്ടറിന് യാത്രയയപ്പ് നൽകി

Janayugom Webdesk
അമ്പലപ്പുഴ
July 4, 2023 1:15 pm

സ്ഥലം മാറ്റം ലഭിച്ച ജനകീയ ഡോക്ടറിന് യാത്രയയപ്പ് നൽകി. തകഴി പ്രാഥമികാരോഗ്യത്തിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച ഡോ: ഷിബു സുകുമാരനാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. മൂന്ന് വർഷം മുൻപാണ് ഡോ: ഷിബു തകഴി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ചുമതലയേൽക്കുന്നത്. ഇക്കാലയളവിൽ സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് ഡോ: ഷിബുവിന്റെ നേതൃത്വത്തിൽ നടന്നത്. ഇതിൽ ഏറെ ശ്രദ്ധേയം കോവിഡ് കാലത്തു നടന്ന പ്രവർത്തനങ്ങളാണ്. കോവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാതിരുന്നവർക്ക് വീടുകളിൽ മരുന്നുകളെത്തിച്ചു.

കൂടാതെ കോവിഡ് പടരുമെന്ന ആശങ്കയില്ലാതെ മരുന്നു വാങ്ങാൻ ആശുപത്രിയിൽ പ്രത്യേക സജ്ജീകരണവും ഏർപ്പെടുത്തി. കോവിഡ് ബാധിതർക്ക് പ്രമേഹ രോഗം വരാൻ സാധ്യത കൂടുതലാണെന്നത് കണക്കിലെടുത്ത് തകഴി പഞ്ചായത്തിലെ എല്ലാ കോവിഡ് ബാധിതരെയും സൗജന്യമായി പ്രമേഹം കണ്ടെത്താൻ പ്രത്യേക പദ്ധതിയും നടപ്പാക്കി. കോവിഡ് ബാധിതർക്ക് പ്രമേഹരോഗമുണ്ടാകാനുള്ള സാധ്യത ആറിരട്ടിയാണെന്നും ഇതിലൂടെ കണ്ടെത്തി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജീവിത ശൈലീ രോഗങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനത്തെ ഒന്നാമത്തെ പഞ്ചായത്താക്കി മാറ്റാനും ഡോ: ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. ഏറ്റവും ഒടുവിൽ തകഴി പഞ്ചായത്തിലെ മുതിർന്നവരെ പങ്കെടുപ്പിച്ച് എല്ലാ മാസവും നടത്തുന്ന വയോജന സംഗമവും വേറിട്ടു നിന്നു. ആശുപത്രിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പഞ്ചായത്തംഗം റീനാ മതികുമാർ, കരുമാടി മോഹനൻ, ബൈജു നാറാണത്ത്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് ഡോ: ഷിബുവിന് സ്ഥലം മാറ്റം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.