21 January 2026, Wednesday

കർഷക ആത്മഹത്യ; 28 വർഷത്തിനിടെ പൊലിഞ്ഞത് 3.9 ലക്ഷം ജീവനുകൾ

മഹാരാഷ്ട്രയും കർണാടകയും പ്രതിസന്ധിയുടെ കേന്ദ്രങ്ങൾ
Janayugom Webdesk
ന്യൂഡൽഹി
January 1, 2026 8:35 pm

ഇന്ത്യയിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നുവെന്ന് പഠനം. 1995 മുതൽ 2023 വരെയുള്ള 28 വര്‍ഷത്തെ കാലയളവിൽ 3,94,206 കർഷകരും കർഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. ശരാശരി കണക്കെടുത്താൽ ഓരോ വർഷവും 13,600 പേർ കൃഷിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇതുസംബന്ധിച്ച വിശകലനം വ്യക്തമാക്കുന്നു. വിളനാശം, കടക്കെണി, താങ്ങുവിലയുടെ അഭാവം, ഇൻഷുറൻസ് പരാജയം തുടങ്ങിയവയാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കാരണങ്ങള്‍.
ദേശീയ ശരാശരിയേക്കാൾ രണ്ടര ഇരട്ടി കർഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയിലും കർണാടകയിലും റിപ്പോർട്ട് ചെയ്യുന്നതെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പറയുന്നു. 2023ൽ മാത്രം മഹാരാഷ്ട്രയിൽ 4,151 കർഷകരും കർണാടകയിൽ 2,423 പേരും ആത്മഹത്യ ചെയ്തു. ബിടി കോട്ടൺ കൃഷിയിലുണ്ടായ പരാജയമാണ് ഈ സംസ്ഥാനങ്ങളിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഉയർന്ന വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയവർ വിളനാശവും വര്‍ധിച്ച കൃഷി ചിലവും കാരണം കടക്കെണിയിലാവുകയായിരുന്നു.
ഇന്ത്യയിലെ കർഷക ആത്മഹത്യകളിൽ 72.5 ശതമാനവും തെക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലുമാണ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. കേരളത്തിൽ 2005‑ൽ 1,118 ആത്മഹത്യകൾ ഉണ്ടായിരുന്നിടത്ത് 2014‑ൽ അത് 105 ആയി കുറഞ്ഞു. പശ്ചിമ ബംഗാൾ പോലെയുള്ള സംസ്ഥാനങ്ങളിലും വലിയ കുറവുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് കൃഷിഭൂമിയുള്ള കർഷകരേക്കാൾ കൂടുതൽ കർഷകത്തൊഴിലാളികളാണ് ഇപ്പോൾ ആത്മഹത്യ ചെയ്യുന്നത് എന്നാണ്. 2023ലെ 10,786 മരണങ്ങളിൽ 6,096 പേരും കർഷകത്തൊഴിലാളികളായിരുന്നു. കൂലിയിലെ അനിശ്ചിതത്വം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ഭക്ഷണസാധനങ്ങളുടെ വില എന്നിവ ഇവരെ തളർത്തുന്നു.
1995‑ൽ ഇന്ത്യ ലോകവ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) അംഗമായതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൃഷിക്കുള്ള സബ്‌സിഡികൾ കുറച്ചതും കാർഷിക ഉല്പന്നങ്ങളുടെ ഇറക്കുമതി കൂടിയതും സാധാരണക്കാരായ കർഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചു. 2000 മുതൽ 2009 വരെയുള്ള കാലഘട്ടമാണ് ഏറ്റവും ഭീകരം. ഇതിൽ 2002‑ലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത്. 17,971 കര്‍ഷകര്‍ ജീവനൊടുക്കി,
2010 മുതൽ 2019 വരെയുള്ള കാലയളവിൽ ആത്മഹത്യകളിൽ കുറവുണ്ടായതിന് പിന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പങ്കുണ്ട്. കൃഷിപ്പണികൾ ഇല്ലാത്ത സമയങ്ങളിൽ തൊഴിലാളികൾക്ക് ഇതൊരു കൈത്താങ്ങായി. എന്നാലിപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കാര്‍ഷികരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.