28 February 2026, Saturday

Related news

February 20, 2026
February 19, 2026
February 8, 2026
January 10, 2026
January 3, 2026
November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 21, 2025

കര്‍ഷകരോടുള്ള അവഹേളനം: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
February 8, 2026 9:16 pm

സംസ്ഥാനത്ത് നെല്ലിന് പ്രോത്സാഹന ബോണസ് നൽകി വരുന്നത് അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം നെൽക്കർഷകരോടുള്ള അവഹേളനവും വെല്ലുവിളിയും ആണെന്ന് ഭക്ഷ്യ — പൊതുവിതരണ മന്ത്രി ജി ആർ അനിൽ പ്രസ്താവിച്ചു. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ റേഷൻ ഗുണഭോക്താക്കൾക്ക് നൽകിവരുന്നതാണ് നെല്ല് സംഭരണ പദ്ധതി. നെല്ലിന്റെ താങ്ങുവില (എംഎസ്‌പി) നിശ്ചയിച്ച് നൽകേണ്ടത് പദ്ധതി പ്രകാരം കേന്ദ്രസർക്കാരാണ്. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവില അപര്യാപ്തമാണെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളും കർഷകരും നിരന്തരം ആവശ്യപ്പെട്ടു പോന്നിട്ടുണ്ട്. ഉല്പാദന ചിലവിന്റെ ഒന്നര മടങ്ങെങ്കിലും എംഎസ്‌പി നൽകണമെന്ന സ്വാമിനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ടും രാജ്യത്ത് പ്രാവർത്തികമായിട്ടില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം സംസ്ഥാന പ്രോത്സാഹന ബോണസ് കൂടി നൽകി കർഷകരെ സഹായിക്കുന്ന നിലപാട് എടുത്തതെന്നും മന്ത്രി പറഞ്ഞു.
2025- 26 ഒന്നാം വിള മുതൽ പ്രോത്സാഹന ബോണസ് വീണ്ടും വർധിപ്പിച്ച് കേരള സർക്കാർ സംഭരണ വില 30 രൂപയാക്കി ഉയർത്തി. നിലവിൽ എംഎസ്‌പി 23.69 രൂപയും പ്രോത്സാഹന ബോണസ് 6.31 രൂപയും ആണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2021- 22ല്‍ 643.63 കോടിയും 2022- 23 ൽ 570.32 കോടിയും 2023 ‑24 ൽ 356.31 കോടിയും 2024 ‑25 ൽ 301.82 കോടിയുമടക്കം 1872.08 കോടി രൂപ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 2025- 26 ഒന്നാം വിളയുടെ സംഭരണ വില വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുകൂടി പൂർത്തിയാകുമ്പോൾ ഈ തുക 1935.18 കോടി രൂപയാകും.
ഈ വിധത്തിൽ കൃഷിയെയും കർഷകനെയും സഹായിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുമ്പോൾ കർഷക ദ്രോഹപരമായ സമീപനം ആണ് കേന്ദ്രസർക്കാർ നിരന്തരം സ്വീകരിച്ചു പോരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ നിർദേശമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.