8 March 2025, Saturday
KSFE Galaxy Chits Banner 2

കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചു

സത്യന്‍ മൊകേരി
February 2, 2025 4:00 am

2025ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രസംഗം കേട്ടപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെയാകെ വിസ്മരിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. 141കോടി ജനങ്ങളില്‍ 58 ശതമാനത്തില്‍ അധികവും — 86 കോടിയിലേറെ പേര്‍ — കാര്‍ഷിക മേഖലയിലുള്ളവരാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ബജറ്റില്‍ ഇല്ലാതായിപ്പോയി. ധനമന്ത്രി കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചു. ജനസംഖ്യയില്‍ അഞ്ച് ശതമാനം പോലും ഇല്ലാത്ത ആദായനികുതി കൊടുക്കുന്നവരുടെ പ്രശ്നങ്ങളില്‍ കെട്ടിമറിയുന്ന സമീപനമാണ് ധനമന്ത്രി സ്വീകരിച്ചത്. അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നവര്‍ ഇടത്തരക്കാര്‍തന്നെയാണ്. അവര്‍ക്ക് ആശ്വാസം നല്‍കുന്നതിലൂടെ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്ന നിലയിലാണ് ധനമന്ത്രിയും പ്രധാനമന്ത്രിയും, ഒത്തുപാടാന്‍ കോര്‍പറേറ്റ് മാധ്യമ ലോകവും രംഗത്തുവന്നത്. 12ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയത് വലിയ സംഭവമായി കോര്‍പറേറ്റ് മാധ്യമങ്ങള്‍ കൊണ്ടാടുകയാണ്. മഹാഭൂരിപക്ഷം ജനങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതാണ് ബജറ്റ് എന്ന് സുതാര്യമായി ചിന്തിക്കുന്ന രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ഇതിനകം തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 

രാജ്യത്ത് ശക്തമായ കര്‍ഷകപ്രക്ഷോഭം ഇപ്പോഴും നടക്കുകയാണ്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് മേഖലകളില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സമരരംഗത്താണ്. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരമുള്ള ആദായകരമായ വില ലഭ്യമാക്കണമെന്നാണ് ആവശ്യം. 2020–21ല്‍ കര്‍ഷക പ്രക്ഷോഭം നടന്നപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആദായകരമായ വില. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പുവരുത്തുന്ന എന്ത് നിര്‍ദേശമാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്.
കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തത് സംബന്ധമായി നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിസര്‍ച്ച് നടത്തിയ പഠനം ധനകാര്യ മന്ത്രിയും കൃഷിമന്ത്രാലയവും എന്തുകൊണ്ടാണ് അവഗണിച്ചത്. പഴം — പച്ചക്കറി കര്‍ഷകര്‍ക്ക് വിപണിവിലയുടെ 40 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. 60 ശതമാനവും ഇടത്തട്ടുകാര്‍ കൊണ്ടുപോകുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതില്‍ ഒരു നടപടിയും ബജറ്റില്‍ ഉണ്ടായില്ല. പകരം വിപണിയെ വളഞ്ഞവഴിയിലൂടെ കോര്‍പറേറ്റുകള്‍ക്ക് നല്‍കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ നിയമം കര്‍ഷകപ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നത് രാജ്യം കണ്ടതാണ്. നിയമവ്യവസ്ഥകള്‍ നാഷണല്‍ പോളിസി ഫ്രെയിംവര്‍ക്ക് ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ് (എന്‍പിഎല്‍എഎം) എന്ന പേരില്‍ കര്‍ഷകരുടെ മേല്‍ പുതിയ രൂപത്തില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വിലയായി എംഎസ്‌പി @സി2+50 ശതമാനം കണക്കാക്കി വില നിശ്ചയിക്കാനാണ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. പുതിയ ഉത്തരവിലൂടെ അതെല്ലാം തകിടംമറിക്കാന്‍ നീക്കം നടത്തുന്നതിന് ധനകാര്യമന്ത്രിയും അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. 

വളം സബ്സിഡി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3,400 കോടി രൂപ കുറയ്ക്കുന്നതാണ് കണ്ടത്. ഓരോ വര്‍ഷവും ക്രമമായി വളം സബ്സിഡി കുറച്ചുകൊണ്ടുവരുന്നു. ഇതിന്റെ ഫലം ഉല്പാദന ചെലവ് വര്‍ധിക്കുകയാണ്. ഡീസല്‍, മണ്ണെണ്ണ, വൈദ്യുതി സബ്സിഡിയും കുറച്ചു. സബ്സിഡി എടുത്തുകളയുന്നതിലൂടെ കൃഷിച്ചെലവ് പതിന്മടങ്ങ് വര്‍ധിക്കുകയായിരിക്കും ഫലം. കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്‍വാങ്ങിയാല്‍ കൃഷിഭൂമി കോര്‍പേറ്റുകള്‍ക്ക് കയ്യടക്കാന്‍ കഴിയുന്ന സാഹചര്യം വന്നുചേരും. കൃഷിയിറക്കാന്‍ പണമില്ലാതെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. വട്ടിപ്പലിശക്കാരെ ആശ്രയിച്ചാണ് രാജ്യത്തെ നാമമാത്ര , ചെറുകിട കര്‍ഷകര്‍ കൃഷി ചെയ്യാനായി പണം കണ്ടെത്തുന്നത്. കാര്‍ഷിക മേഖലയ്ക്ക് വായ്പ നല്‍കുന്നതില്‍ നിന്നും ബാങ്കുകള്‍ പിറകോട്ടുപോയി. പല തടസങ്ങള്‍ ഉന്നയിച്ച് കാര്‍ഷിക മേഖലകളുടെ വായ്പ തടസപ്പെടുത്തുകയാണ്. കൃഷി ചെയ്യുന്നതിനായി തടസമില്ലാതെ വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. ചെറുകിട, നാമമാത്ര, ഇടത്തരം കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം കര്‍ഷകര്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ഇതിനായി പ്രത്യേക പദ്ധതി ആവശ്യമാണ്.
ഭക്ഷ്യധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളും പാലും മാംസവും ഉല്പാദിപ്പിക്കുന്നത് കര്‍ഷകരാണ്. കാര്‍ഷികമേഖലയാണ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നത്. രാജ്യത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ ഉല്പാദിപ്പിച്ചിരുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. ധനമന്ത്രിയുടെ ബജറ്റില്‍ ഇത്തരം സമീപനം കാണുന്നില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും ഭക്ഷണം കഴിക്കുമ്പോഴെങ്കിലും കര്‍ഷകരെ ഓര്‍ക്കണം. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കണം. കടക്കെണിയിലായ അവരുടെ നിശ്ചിതകാലം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളണം. കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഒരു മടിയും കാണിക്കാത്ത സര്‍ക്കാര്‍, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ഷകരെ വിസ്മരിക്കുകയാണ്. ബജറ്റ് ചര്‍ച്ചകള്‍ കഴിയുമ്പോള്‍ ധനമന്ത്രി കടബാധ്യതയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ കുറിച്ച് ആലോചിക്കണം. അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകണം.
വിദേശരാജ്യങ്ങളില്‍ നിന്നും നിരവധി കാര്‍ഷികോല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വന്നുനിറയുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ കൃഷിചെയ്യുന്ന ധനിക രാഷ്ട്രങ്ങളോട് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പിടിച്ചുനില്‍ക്കുന്ന കര്‍ഷകരെയും സ്വന്തം മണ്ണില്‍ നിന്നും പിഴുതെറിയുകയാണ്. ഇറക്കുമതി നിയന്ത്രിക്കുന്നതിന് നടപടികള്‍ ഉണ്ടാകണം. ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് വിദേശ കാര്‍ഷികോല്പന്നങ്ങളുടെ കടന്നുവരവില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയും. കാര്‍ഷികമേഖലയെ ആധുനികവല്‍ക്കരിക്കുന്നത് കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായിരിക്കണം; വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികമേഖല തുറന്നുകൊടുത്ത് രാജ്യത്തെ കര്‍ഷകരെ ദുരിതത്തില്‍ താഴ്ത്തുന്നതിനാകരുത്. കാര്‍ഷികമേഖലയെയും ഗ്രാമീണ ഇന്ത്യയെയും അവഗണിക്കുന്ന ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്. അത് തിരുത്താന്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ അവസരമുണ്ട്. അതിന് ധനമന്ത്രി തയ്യാറാകണം. 

കേരള സംസ്ഥാനത്തോട് പൂര്‍ണമായ അവഗണനയാണ് കേന്ദ്ര ബജറ്റ് കാണിച്ചത്. തികഞ്ഞ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സംസ്ഥാനത്തെ ദ്രോഹിക്കുന്നു. ലോകം ഞെട്ടിപ്പോയ വയനാട് ദുരന്തത്തിന് കേന്ദ്ര ബജറ്റില്‍ ഒരു സഹായവും നല്‍കിയില്ല. കേരളജനതയുടെ വേദന പൂര്‍ണമായും അവഗണിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ ബിഹാറില്‍ വാരിക്കോരി സഹായങ്ങള്‍ നല്‍കുന്നത് എന്ത് നീതിയാണ്? വിഴിഞ്ഞം തുറമുഖം ലോകത്തിലേക്കുള്ള ഇന്ത്യയുടെ പ്രധാന ജലകവാടമാണ്. ലോകത്തിലേതന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലാെന്നാണിത്. വിഴിഞ്ഞത്തിന് ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് ധനമന്ത്രി തയ്യാറാകണം.
വികസന സൂചികയില്‍ മുന്നില്‍ ആയതിന്റെ പേരിലാണ് കേന്ദ്രം ബജറ്റില്‍ കേരളത്തിന് വിഹിതം കുറയ്ക്കുന്നത്. വികസന സൂചിക ഉയരുന്നത് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ വികസന നയത്തിന്റെ പ്രത്യേകതയാണ്. അതിന്റെ പേരില്‍ സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട പദ്ധതി വിഹിതം തടയുന്നത് ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തെറ്റായ നയം ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി പുനഃപരിശോധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.