5 November 2024, Tuesday
KSFE Galaxy Chits Banner 2

സണ്ണി ലിയോണിയോടൊപ്പം റാംപ് വാക്ക് നടത്താമെന്ന മോഹം പൊലിഞ്ഞു; പൊലീസ് നിര്‍ത്തിവച്ച ഫാഷന്‍ ഷോയ്ക്ക് വീണ്ടും അനുമതി

Janayugom Webdesk
കോഴിക്കോട്
September 3, 2023 9:03 pm

മത്സരാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തടഞ്ഞ ഫാഷൻ ഷോയ്ക്ക് വീണ്ടും അനുമതി നൽകി അധികൃതർ. സാമൂഹ്യ മാധ്യമങ്ങൾ വഴി വൻ പരസ്യങ്ങൾ നൽകി മൂന്നു ദിവസങ്ങളിലായി കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച ‘ഫാഷൻ റേയ്സ്’ എന്ന പരിപാടിയാണ് കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞത്. എൻട്രി ഫീസായി വൻ തുക കൈപ്പറ്റിയ ശേഷം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പറഞ്ഞ് പരിപാടിയുടെ രണ്ടാം ദിവസം മത്സരാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് പരിപാടി നിർത്തിവെപ്പിക്കുകയും ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മൂന്നാം ദിവസമായ ഇന്നലെ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വലിയ സമ്മർദ്ദങ്ങളെ തുടർന്ന് ഇന്നലെ വീണ്ടും പരിപാടിക്ക് അനുമതി നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ ഷോയെന്ന് പ്രചരിപ്പിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. 

ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക് ചെയ്യാമെന്ന വാഗ്ദാനം വിശ്വസിച്ച് നൂറു കണക്കിന് പേരാണ് ഫാഷൻ ഷോയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. മത്സരാർത്ഥികളിൽ നിന്ന് ആറായിരം രൂപ വീതമാണ് ഈടാക്കിയിരുന്നത്. പതിനായിരം രൂപ വരെ പലരിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫിൽ നിന്നുമായി ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയിരുന്നത്. എന്നാൽ ഇത്രയധികം പേർ പങ്കെടുത്തിട്ടും പണം വാങ്ങിയ സംഘാടകർ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നാണ് പരാതി ഉയർന്നത്. വൻ തുക വാങ്ങിയിട്ടും വളരെ നിലവാരം കുറഞ്ഞ വസ്ത്രങ്ങളാണ് സംഘാടകർ നൽകിയതെന്നും മത്സരാർത്ഥികൾ വ്യക്തമാക്കുന്നു. കോസ്റ്റ്യൂം വളരെ വൈകിയാണ് പലർക്കും കിട്ടിയത്. പങ്കെടുക്കാനെത്തിയവർക്ക് ഭക്ഷണം പോലും നൽകിയില്ലെന്നും ആരോപണം ഉയർന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിപാടി നിർത്തിവെപ്പിക്കുകയായിരുന്നു. 

മത്സരാർത്ഥികളെ വഞ്ചിച്ചുവെന്ന് വ്യക്തമാക്കിയ പൊലീസ് സമാപന ദിവസമായ ഇന്നലെ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ നിർത്തിവെപ്പിച്ച പരിപാടിക്ക് ഇന്നലെ വീണ്ടും അനുമതി നൽകുകയായിരുന്നു. സണ്ണി ലിയോൺ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. ഉച്ചയോടെ എത്തിയ സണ്ണി ലിയോൺ പരിപാടിയിൽ സംബന്ധിച്ച് വളരെ വേഗം മടങ്ങി. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രചാരണം സംഘാടകർ ആരംഭിച്ചിരുന്നു. ഫാഷൻ രംഗത്ത് മുൻപരിചയമില്ലാത്തവർക്ക് പോലും പരിപാടിയിൽ പങ്കെടുക്കാമെന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്.

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.