മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണിയും മകൻ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയും തമ്മിലുള്ള വാക്പോര് യുഡിഎഫ് — എൻഡിഎ ക്യാമ്പുകളിൽ ഒരുപോലെ അസംതൃപ്തി സൃഷ്ടിച്ചു. ഇപ്പോഴുണ്ടായ വാക്പോര് ഇരുമുന്നണിയിലെയും പ്രവർത്തകരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അനിൽ കെ ആന്റണിക്ക് വോട്ടു ചെയ്യരുതെന്നും അനിൽ കെ ആന്റണി തോൽക്കണമെന്നും പരസ്യമായി എ കെ ആന്റണി ആവശ്യപ്പെട്ടതാണ് എൻഡിഎ ക്യാമ്പുകളിൽ തലവേദനയായത്. എ കെ ആന്റണി ഇങ്ങനെയൊരു പരമാർശം പരസ്യമായി നടത്തുമെന്ന് എൻഡിഎ ക്യാമ്പിലുള്ളവർ കരുതിയതേയില്ല.
എ കെ ആന്റണി ജില്ലയിൽ പ്രചാരണത്തിന് എത്തുന്നില്ലായെന്ന ആശ്വാസത്തിൽ കഴിഞ്ഞ എൻഡിഎ നേതാക്കൾക്ക് ഇപ്പോഴത്തെ അനിൽ കെ ആന്റണിക്കെതിരായുള്ള പ്രസ്താവന വലിയ തോതിൽ പ്രതിസന്ധിയുളവാക്കിയിരിക്കുകയാണ്. എന്നാൽ എ കെ ആന്റണിയോട് സഹതാപമുണ്ടെന്നായിരുന്നു മകന്റെ മറുപടി. ചന്ദ്രനെനോക്കി കുരക്കുന്ന നായ്ക്കളെപ്പോലെയാണ് കോൺഗ്രസ്സ് നേതാക്കളെന്ന അതിരുവിട്ട വാചകവും ആന്റണിക്കെതിരെ മകൻ ഉന്നയിച്ചു. ആന്റണിയെപ്പോലെ മുതിർന്ന നേതാവായ ഒരാൾക്കെതിരെ ഇത്തരമൊരു പരാമർശം, പ്രത്യേകിച്ച് മകന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വവും കരുതിയില്ല. ഫലത്തിൽ ഇരുവരുടെയും പരാമർശങ്ങൾ യുഡിഎഫ് — എൻഡിഎ ക്യാമ്പുകളിൽ ഉണ്ടാക്കിയ നിരാശ ചെറുതല്ല. ഒറ്റ ദിവസം കൊണ്ട് ഇരുമുന്നണികളും ജനങ്ങൾക്ക് മുമ്പിൽ അപഹാസ്യരായി. രാഷ്ട്രീയ ചർച്ചകൾക്ക് പകരം വ്യക്ത്യാധിഷ്ഠിത പരാമർശങ്ങളും വാക്പോരും നടത്തുന്ന ഇരു മുന്നണികളെയും ജനങ്ങൾ തഴയുമെന്നുറപ്പായി. ഇതിന്റെ കൂടെയാണ് ദല്ലാൾ നന്ദകുമാർ അനിൽ കെ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അച്ഛൻ — മകൻ പോര് ഒന്നടങ്ങിയപ്പോഴായിരുന്നു അടുത്ത ആരോപണ ബോംബ് പൊട്ടിയത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് പി ജെ കുര്യൻ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.
കോൺഗ്രസ് രാഷ്ട്രീയം നാൽപത്-അമ്പത് കൊല്ലമായി കുതികാൽവെട്ടലിന്റേയും ചതിയുടേയും മാത്രം കേന്ദ്രമായി മാറിയെന്നും കരുണാകരനേയും എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പിന്നിൽനിന്ന് ചതിച്ച രണ്ടുമൂന്ന് പേരിൽ ഒരാൾ പി ജെ കുര്യനാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു. തന്നേയും എ കെ ആന്റണിയേയും ചതിക്കാനുള്ള ശ്രമമാണിതെന്നും അനിൽ ആന്റണി പറഞ്ഞു. മൊത്തത്തിൽ സംഗതികൾ കുഴഞ്ഞുമറിഞ്ഞതോടെ രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മാറ്റിവെച്ച് ആരോപണങ്ങൾക്ക് മറുപടി പറയുന്ന തിരക്കിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയും.
English Summary: Father-Son War: Discontent in UDF-NDA Camps Erupts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.