
മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കി മാതാവിന്റെ പങ്കാളിയുടെ പേര് ചേര്‍ത്തു നല്‍കിയ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്. ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ നഗരസഭാ രജിസ്ട്രാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. പിതൃത്വം നിർണ്ണയിക്കേണ്ടതുണ്ടെങ്കിൽ, ഡി എൻ എ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കോടതിയുടെ അനുമതി ആവശ്യമാണെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാരനെക്കൂടി കേട്ട് തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി ജനന-മരണ രജിസ്ട്രാർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
2010‑ലാണ് ഹർജിക്കാരനും യുവതിയും തമ്മിൽ വിവാഹിതരായത്. 2011 മാർച്ച് ഏഴിന് ഇവർക്ക് കുഞ്ഞ് ജനിക്കുകയും മുനിസിപ്പാലിറ്റിയിൽ ജനനം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. തുടർന്ന്, ഹർജിക്കാരൻ ഹേബിയസ് കോർപ്പസ് ഹർജി നൽകി. കോടതിയിൽ ഹാജരായ യുവതി, സുഹൃത്തിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് അറിയിക്കുകയായിരുന്നു.
2012‑ൽ ഉഭയസമ്മതപ്രകാരം ഇവർ വിവാഹമോചനം നേടി. ഇതിനുശേഷമാണ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കി മാതാവിന്റെ പങ്കാളിയുടെ പേര് ചേർക്കാൻ യുവതി അപേക്ഷ നൽകിയത്. പയ്യന്നൂർ മുനിസിപ്പാലിറ്റി ഈ അപേക്ഷ അംഗീകരിക്കുകയും പേര് മാറ്റം വരുത്തി നൽകുകയും ചെയ്തു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണെന്നും അത് മാറ്റി നൽകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടതെന്ന് മുനിസിപ്പാലിറ്റി കോടതിയെ അറിയിച്ചു. ഹർജിക്കാരനും യുവതിയും തമ്മിലുണ്ടാക്കിയ ഒരു കരാറിൽ, മാതാവിന്റെ സുഹൃത്താണ് കുട്ടിയുടെ പിതാവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാലാണ് ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തി നൽകിയതെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ അത്തരമൊരു കരാറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.