
ഭാര്യയെ കാണ്മാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരൻ മകന്‍ മകനുമായി സ്വകാര്യ ബസിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പിതാവ്. ബസ് ബ്രേക്കിട്ടതിനെത്തുടർന്ന് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം.
അടൂർ ജനറൽ ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കെഎസ്ആർടിസി ജംങ്ഷൻ ഭാഗത്തേക്ക് വരുകയായിരുന്ന അശ്വിൻ ബസിന്‍റെ മുന്നിലേക്ക് കുട്ടിയെ എടുത്ത് നടക്കുകയും പെട്ടെന്ന് ചാടുകയായിരുന്നു. ബസ് ഡ്രൈവർ ഇളമണ്ണൂർ മാരൂർ ചാങ്കൂർ സ്വദേശി ബി. ഉണ്ണികൃഷ്ണൻ സഡൻ ബ്രേക്കിട്ട് ബസ് നിർത്തിയതോടെ കുട്ടിയുമായി ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
നാട്ടുകാർ തടഞ്ഞുനിർത്തിയെങ്കിലും പാർഥസാരഥി ക്ഷേത്രം ജങ്ഷനിലേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാർഡ് ജി. ശ്രീവത്സൻ ഇയാളെ തടഞ്ഞുനിർത്തുകയും ട്രാഫിക് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ട്രാഫിക് എൻഫോഴ്സ്മെന്‍റ് എസ്.ഐമാരായ ജി. സുരേഷ് കുമാർ, ടി.എൻ. അയൂബ്, സി.പി.ഒ ഷിമിം എന്നിവർ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തന്‍റെ ഭാര്യയെ കാണാനില്ലെന്നും തന്നെ വിട്ടുപോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഈ സമയം ഭാര്യ, മകനെയും ഭർത്താവിനെയും തിരക്കി ആശുപത്രിയിൽ നടക്കുകയായിരുന്നു. ഇവരെ ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, ആലപ്പുഴ സ്വദേശികളായ കുടുംബത്തെ, ഓട്ടോറിക്ഷയിൽ കയറ്റി അയക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.