19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 20, 2024
July 13, 2024
June 4, 2024
June 4, 2024
June 2, 2024
June 1, 2024
April 26, 2024
April 14, 2024
April 8, 2024
March 19, 2024

തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭീതി; ലേബർ കോഡ് കേന്ദ്രം മരവിപ്പിച്ചു

ബേബി ആലുവ
കൊച്ചി
May 24, 2023 10:57 pm

ലോ‌‌ക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന ഭീതിയെ തുടർന്ന് വിവാദമായ ലേബർ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രം പിൻവലിഞ്ഞു. സ്ഥിതി മോശമാണെന്നും വിഷയത്തിൽ നിന്ന് തന്ത്രപൂർവം തലയൂരാനും സംഘ്പരിവാർ ഉന്നത നേതൃത്വം നൽകിയ മുന്നറിയിപ്പും പിൻമാറ്റത്തിന് കാരണമായി. തൊഴിലാളി വർഗം ഐതിഹാസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ പാടേ ഇല്ലാതാക്കുന്ന നാല് ലേബർ കോഡുകൾ ഈ സാമ്പത്തിക വർഷം നടപ്പാക്കാനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം സൂചനയും നൽകിയിരുന്നു. 

വേതന നിയമം, സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ — ആരോഗ്യം — തൊഴിൽ സാഹചര്യം എന്നിങ്ങനെ നാല് ലേബർ കോഡുകളാണ് കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കാൻ കേന്ദ്രം നിശ്ചയിച്ചിരുന്നത്. കോവിഡിന്റെ മറവില്‍ അംഗങ്ങള്‍ തീരെ കുറഞ്ഞ സമ്മേളന കാലത്താണ് പാർലമെന്റില്‍ ബിൽ പാസാക്കിയത്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭങ്ങളും, കോവിഡ് സാഹചര്യത്തിൽ തുടർ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നതും മൂലം ലക്ഷ്യം പാളി. സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസും ഇതര കേന്ദ്ര തൊഴിലാളി സംഘടനകൾക്കൊപ്പം കോഡിനെതിരെ അണിചേർന്നതും ക്ഷീണമായി. തുടർന്നാണ്, ലേബർ കോഡുകൾ നടപ്പാക്കുന്നത് ഈ സാമ്പത്തിക വർഷത്തേക്ക് നീട്ടിയത്. കർഷക പ്രക്ഷോഭത്തെ തുടർന്ന്, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതു പോലെ തൊഴിലാളികളുടെ എതിർപ്പിന് കീഴടങ്ങി ലേബർ കോഡുകളും പിൻവലിക്കേണ്ടിവരുമോ എന്ന ആശങ്കയും താല്‍ക്കാലിക പിൻമാറ്റത്തിന് കാരണമായി. 

ഇതിനൊക്കെപ്പുറമെ, പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതി (ഇസിപിഎം) ലേബർ കോഡുകൾക്കെതിരെ തിരിഞ്ഞതും തിരിച്ചടിയായി. കോഡുകൾ തൊഴിൽ നിയമങ്ങളുടെ സമഗ്ര വീക്ഷണം ഉൾക്കൊള്ളുന്നില്ല എന്നായിരുന്നു ഇസിപിഎം റിപ്പോർട്ട്. ഇതോടെ, ഉപദേശക സമിതി ശുപാർശ ചെയ്യുന്ന ഏകീകൃത തൊഴിൽ നിയമമാണോ, ലേബർ കോഡുകളാണോ നടപ്പാക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെട്ടിലാവുകയും ചെയ്തു. ഒടുവിൽ, തൊഴിലാളി ദ്രോഹം എന്ന അജണ്ടയ്ക്ക് പ്രഥമ പരിഗണന നൽകി ഈ സാമ്പത്തിക വർഷം തന്നെ ലേബർകോഡ് നിയമമാക്കാൻ നിശ്ചയിച്ച് അതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

Eng­lish Summary;Fear of back­lash in elec­tions; The Labor Code was frozen by the Centre

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.