ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി കുറഞ്ഞവിലയ്ക്ക് വില്‍ക്കാനുള്ള നീക്കം സുഗമമാകില്ലെന്ന തിരിച്ചറിവില്‍ സ്വകാര്യവല്‍ക്കരണത്തിന് മൂന്നാം മോഡി സര്‍ക്കാര്‍ വേഗം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉണ്ടാക്കുമെന്നു ഭയന്നാണ് പ്രധാനമന്ത്രിയും ബിജെപിയും ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിപണി വിദഗ്ധരും വിലയിരുത്തുന്നു. രാജ്യത്തെ 200ലധികം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള പദ്ധതി പ്രഖ്യാപനം ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് തവണ അധികാരത്തിലിരുന്നപ്പോഴും സ്വകാര്യവല്‍ക്കരണത്തിന് എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിടുകയായിരുന്നു നരേന്ദ്ര മോഡി. രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ 60,000 കോടി ഡോളറിന് (ഏകദേശം 48,00,000 കോടി രൂപ) സ്വകാര്യവല്‍ക്കരിക്കുന്ന പദ്ധതി 2021ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക‍്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ നീക്കത്തിന് വേഗത കുറഞ്ഞു.
മൂന്നാമൂഴത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടതിനാല്‍ കാര്യങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ നില്‍ക്കില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ ഭൂമി വില്‍ക്കാനും മറ്റ് ആസ്തികളില്‍ നിന്ന് വരുമാനം ഉണ്ടാക്കാനുമുള്ള നീക്കം ജൂലൈ 23ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച അന്തിമതീരുമാനം ആയിവരുന്നതേയുള്ളൂ എന്നും കേന്ദ്രസര്‍ക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2400 കോടി സമാഹരിക്കുകയും അത് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് പുനര്‍നിക്ഷേപിക്കുകയാണ് ലക്ഷ്യം. ചെറിയ കാലം കൊണ്ട് ഈ സ്ഥാപനങ്ങളെ നന്നാക്കുന്നതിന് പകരം അഞ്ച് കൊല്ലത്തെ നിര്‍മ്മാണവും പ്രവര്‍ത്തനവുമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ പൊതുമേഖലയെ നന്നാക്കാനുള്ള തീരുമാനം മുമ്പ് മോഡി സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. എന്നാല്‍ കേന്ദ്രധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കുന്ന കാര്യം പറഞ്ഞിരുന്നുമില്ല.
ആസ്തി വില്പനയ്ക്ക് പകരം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനികള്‍ നന്നാക്കുന്നതിന്റെ ഭാഗമായി 2,30,000 മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കി കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവികളിലേക്ക് നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിലവില്‍ സീനിയര്‍ മാനേജര്‍മാരെ മാത്രമാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുള്ളത്.
കമ്പനി ബോര്‍ഡിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുക, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് 2025–26 സാമ്പത്തിക വര്‍ഷത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയും സര്‍ക്കാര്‍ നടപ്പാക്കിയേക്കും. സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ നല്‍കുന്നത് കമ്പനികളെ കൂടുതല്‍ കാര്യക്ഷമമാക്കാനും ഉള്ള അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ വില്‍ക്കാന്‍ മുമ്പ് പദ്ധതിയിട്ടിരുന്നെങ്കിലും അതേതുക കമ്പനിയുടെ ഒരു കൊല്ലത്തെ ലാഭമായി ലഭിക്കുന്നതായതിനാല്‍ തീരുമാനം ഉപേക്ഷിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കും തടസങ്ങളുണ്ടെങ്കിലും പരിഷ്കാരങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലധികമാക്കിയെന്ന് ഇന്ത്യാ റേറ്റിങ് ഏജന്‍സിയിലെ സാമ്പത്തിക വിദഗ്ധന്‍ സുനില്‍ സിന്‍ഹ ചൂണ്ടിക്കാട്ടി.
English Summary: Fear of backlash: Modi government slows down privatization
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.