4 February 2026, Wednesday

റംസാനിൽ ഫിറോസിന്റെ പത്തിരിക്ക് ആവശ്യക്കാരേറെ

Janayugom Webdesk
മാന്നാർ
March 9, 2025 3:57 pm

റമദാൻ എത്തിയതോടെ ഇഫ്ത്താർ വിഭവങ്ങളിലെ താരമായ പത്തിരിക്ക് ആവശ്യക്കാരേറി. ചില സ്ഥലങ്ങളിൽ ഒറോട്ടിയെന്ന വിളിപ്പേരുള്ള പത്തിരിക്കൊപ്പം ഇറച്ചിക്കറി കൂടി ചേരുമ്പോഴാണ് സൂപ്പർ വിഭവമാകുന്നത്. പേരുപോലെ തന്നെ അരിപ്പൊടിയിലാണ് പത്തിരിയുടെ നിർമ്മാണം. പഴയ കാലങ്ങളിൽ റംസാനിലും ഈദ് രാവുകളിലും സ്ത്രീകൾ കൂട്ടമായിരുന്ന് പലകയിൽ പരത്തിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുന്നത് വലിയൊരു ആഘോഷം തന്നെയായിരുന്നു. ഇന്ന് മാവ് കുഴച്ചും പരത്തിയും ചുട്ടും തരുന്ന മെഷീനുകൾ എല്ലായിടത്തും എത്തിയതോടെ സ്ത്രീകളുടെ ജോലി ഭാരവും കുറഞ്ഞു. റമദാൻ ഓരോ ദിനം പിന്നിടുമ്പോഴും മാന്നാറിലെ ആദ്യ പത്തിരിക്കമ്പനിയുടെ സ്ഥാപകൻ അൽനൂർ കാറ്ററിംഗ് ഉടമ നാഥംപറമ്പിൽ ഫിറോസിനെ തേടിയെത്തുന്ന പത്തിരി ആവശ്യക്കാരുടെ എണ്ണവും ഏറി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഫിറോസ് പതിനാറ് വർഷം മുമ്പാണ് കോയമ്പത്തൂരിൽ നിന്നും പത്തിരി മെഷീൻ എത്തിച്ച് നിർമ്മാണം ആരംഭിച്ചത്. 

ശുദ്ധമായ അരിപ്പൊടി മാത്രം കൊണ്ട് നിർമ്മിക്കുന്ന പത്തിരിയുടെ രുചിയും മൃദുലതയും ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അതേപടി നിലനിർത്താൻ കഴിയുന്നുവെന്നതാണ് ഫിറോസിന്റെ വിജയ രഹസ്യം. മെഷീനിലാണ് നിർമ്മാണമെങ്കിലും അടുക്കി എണ്ണിത്തിട്ടപ്പെടുത്തി ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പൊതിഞ്ഞ്നൽകാനായി ഒരു പെൺപട തന്നെ ഫിറോസിനൊപ്പമുണ്ട്. ഇതിന് പുറമേ ഇഫ്ത്താറിന്റെ പ്രത്യേക വിഭവങ്ങളായ മലബാറിന്റെ രുചി പേറുന്ന ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കായ്പോള, ഏലാഞ്ചി എന്നിവയോടൊപ്പം കട്ലറ്റ്, സമൂസ എന്നിവയും ഉണ്ടാക്കി നൽകുന്നുണ്ട്. പട്ടരുമഠത്തിൽ കല്യാണിയും, കവറാട്ട് ഇന്ദിരാമ്മയും പുത്തൻപുരയിൽ ഹൗലത്തും ലൈലാ ബീവിയുമുൾപ്പെട്ട ഇരുപതോളം ജോലിക്കാരാണ് അതിരാവിലെ മുതൽ ഇതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ലാഭത്തെക്കാളുപരി ഇരുപതിലധികം കുടുംബങ്ങൾക്ക് അത്താണിയാകുവാൻ കഴിയുന്നതിലുള്ള സന്തോഷമാണ് തനിക്കുള്ളതെന്ന് മാന്നാർ അറേബ്യൻ ഗ്രിൽസ് ഭക്ഷണശാലയുടെ ഉടമ കൂടിയായ നാഥംപറമ്പിൽ ഫിറോസ് പറയുന്നു. ഭാര്യ ഷൈലാ ബീവിയും മക്കളായ ആമിനയും ആയിഷയും അൽഅമീനും ഫിറോസിന് കരുത്ത് പകർന്ന് ഒപ്പമുണ്ട്.

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.