23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

മഴ കുറഞ്ഞെങ്കിലും വളം വില്പനയില്‍ കുതിപ്പ്

സ്വന്തം ലേഖകന്‍
കൊല്ലം
December 6, 2023 10:47 pm

കൃഷിയുടെ കാര്യത്തില്‍ പ്രതികൂല ഘടകങ്ങള്‍ നിരവധിയെങ്കിലും ഈ സാമ്പത്തികവര്‍ഷം വളം വില്പനയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതായി ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍. യൂറിയ, പൊട്ടാഷ്, ഡൈഅമോണിയം ഫോസ്‌ഫേറ്റ്, എന്‍പികെ വളങ്ങള്‍ എന്നിവയുടെ വില്പനയിലാണ് കുതിപ്പ് ദൃശ്യമായത്. രാജ്യമൊട്ടാകെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിട്ടും വളത്തിന്റെ ഉപഭോഗം വര്‍ധിച്ചത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് ഖാരിഫ് സീസണില്‍ വിത്തിടല്‍ മേയ്-ജൂലൈ മാസങ്ങളിലും വിളവെടുപ്പ് സെപ്റ്റംബര്‍-ഒക്ടോബറിലുമാണ്. ഈ സീസണിലെ വളം വില്പനയുടെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്. റാബി വിളവെടുപ്പ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായതിനാല്‍ അത് കൂടി പൂര്‍ത്തിയായശേഷമേ പൂര്‍ണമായ വിവരം ലഭ്യമാകൂ. പ്രതികൂല കാലാവസ്ഥയിലും വളം വില്പന റിക്കോര്‍ഡിലേക്ക് നീങ്ങിയതായാണ് കരുതപ്പെടുന്നത്. 

കഴിഞ്ഞ സീസണെ അപേക്ഷിച്ച് യൂറിയയുടെ വില്പനയില്‍ 7.5 ലക്ഷം ടണ്ണിന്റെയും ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റേത് 17.9 ലക്ഷം ടണ്‍, എംഒപി വളങ്ങളുടേത് 6.03, സൂപ്പര്‍ ഫോസ്‌ഫേറ്റ് 5.4, എന്‍പികെ വളങ്ങളുടെ വില്പനയില്‍ 22.7 ലക്ഷം ടണ്ണിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി 5.6 ശതമാനത്തിന്റെ കുറവുണ്ട്. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ അളവിലും രാജ്യമൊട്ടാകെ 11.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലും വളം വില്പനയിലുണ്ടായിട്ടുള്ള വര്‍ധനവ് കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായിട്ടുണ്ടോയെന്നറിയാന്‍ റാബി വിളവെടുപ്പ് കഴിയുന്ന 2024 ഏപ്രില്‍ വരെ കാത്തിരിക്കേണ്ടിവരും. 

വളങ്ങള്‍ക്കുവേണ്ട മിക്ക രാസഘടകങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഏറ്റക്കുറച്ചില്‍ അനുഭവപ്പെടുന്നുണ്ട്. 2022 ജൂലൈയില്‍ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വില ടണ്ണിന് 950 ഡോളറായിരുന്നു. ഈ വര്‍ഷം ജൂണില്‍ 440 ഡോളറായി താഴ്‌ന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും 595 ഡോളറിലേയ്ക്ക് ഉയര്‍ന്നു. എല്ലാ രാസഘടകങ്ങളുടെയും വിലയില്‍ ഇത് പ്രകടമാണ്. എന്നാല്‍ ആഗോളവിലനിലവാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നത് തടയാനായി രാസവള കമ്പനികള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. യൂറിയയുടെ പരമാവധി വില ചാക്കിന് 262 രൂപയായും പൊട്ടാഷിന്റേത് 1650 രൂപയായും ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റേത് 1350 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. 2019–20 കാലയളവില്‍ രാസവള സബ്‌സിഡി 81,124.33 കോടി രൂപയായിരുന്നുവെങ്കില്‍ 2022–23ല്‍ ഇത് 2,51,339.35 കോടി രൂപയായി ഉയര്‍ന്നു.

Eng­lish Summary:Fertilizer sales surge despite less rain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.